പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ കെ കെ വിജേഷ്, വിഷ്ണു, രമേശ്, കാങ്ങാട് മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്‌സല്‍, കാരാക്കുറിശ്ശി സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. ഇതില്‍ വിജേഷും വിഷ്ണുവും രമേശും ഉറ്റ സുഹൃത്തുക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു.
വിജേഷ് ഓട്ടോ ഡ്രൈവറാണ്. വിജേഷിനൊപ്പം രമേശും വിഷ്ണും കൂടെയുണ്ടാകുമെന്നാണ് നാട്ടുകാര്‍ പ്രതികരിച്ചു. ഇന്നലെ രാത്രി 10 മണിവരെ മൂന്ന് പേരേയും കോങ്ങാട് ടൗണില്‍ ഒരുമിച്ച് കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അപകടം സംഭവിച്ച് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ തിരിച്ചറിയാനായത്. സുഹൃത്തുക്കള്‍ രാത്രി ഭക്ഷണം കഴിക്കാനോ മറ്റോ ഇറങ്ങിയതാവാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കല്ലടിക്കോട് അയ്യന്‍പ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ചായിരുന്നു അപകടമുണ്ടായത്. പാലക്കാട് നിന്നും മണ്ണാര്‍ക്കാടേക്ക് വരികയായിരുന്ന കാറും എതിര്‍ ദിശയില്‍ നിന്നും വന്ന ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്നവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
Content Highlights: Those who died in the Palakkad car and lorry collision have been identified