പാലക്കാട് രാഹുലിന് നിരുപാധികം പിന്തുണ; സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് അന്‍വര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനത്തിന് ഒപ്പം ഉണ്ടാകുമെന്നും പി വി അന്‍വര്‍

dot image

പാലക്കാട്: പാലക്കാട് ഡിഎംകെ പിന്തുണയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതായി പി വി അന്‍വര്‍ എംഎല്‍എ. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനത്തിന് ഒപ്പം ഉണ്ടാകുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

'ഇവിടെ ബിജെപി വിജയിക്കരുത്. വര്‍ഗീയവാദികള്‍ വിജയിക്കരുത്. എല്ലാവര്‍ക്കും അനുകൂലമായ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നിര്‍ത്തണമായിരുന്നു. എന്നാല്‍ ഒരുഘട്ടത്തില്‍ പോലും കോണ്‍ഗ്രസ് അതിന് തയ്യാറായില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കണമായിരുന്നു. ബിജെപി തോല്‍ക്കണം എന്നാഗ്രഹിക്കുന്ന കമ്മ്യുണിസ്റ്റുകാരനും വോട്ട് ചെയ്യാമായിരുന്നു', അൻവർ പറഞ്ഞു.

ഘടകക്ഷികള്‍ സംസാരിച്ചിട്ടും കോണ്‍ഗ്രസ് രാഹുലിനെ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കാൻ തയ്യാറായില്ല. അഹങ്കാരമാണിത്. ഈ ധിക്കാരത്തിനുള്ള സമയമല്ല ഇത്. താന്‍ പറഞ്ഞതേ നടക്കൂവെന്ന വാശിയാണ് പ്രതിപക്ഷ നേതാവിന്. ഒരു വിട്ടുവീഴ്ച്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. ആരാണ് അൻവർ, ഏതാണ് അവൻ, എവിടുന്നുവന്നു എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒരു മനുഷ്യനെ അപമാനിക്കുന്നതിൻറെ അങ്ങേയറ്റമാണിത്', അൻവർ തുറന്നടിച്ചു.

ലീഗിന്‍റെ കൊടി ഉപയോഗിക്കരുതെന്നാണ് വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് നിർദേശിച്ചത്. അഭിമാന ക്ഷതം ഉണ്ടാവുമെന്ന് അറിഞ്ഞിട്ട് പോലും അത് ലീഗ് അനുസരിച്ചു. എന്നാൽ വർഗീയ വാദികൾക്ക് തിരിച്ചടി നല്‍കാന്‍ ലീഗ് നിലപാടെടുത്തു. ത്യാഗം സഹിച്ചുവെന്നും അൻവർ ചൂണ്ടികാട്ടി.

പാലക്കാട്ടെ സർവ്വേ റിപ്പോർട്ട് ലഭിച്ചു. കോണ്‍ഗ്രസിന്‍റെ സ്ഥിതി സ്ഫോടനാത്മകമാണ്. രാഹുലിന്‍റെ സ്ഥാനാർത്ഥിത്വത്തെ കോണ്‍ഗ്രസിന്‍റെ 50 ശതമാനം പ്രവർത്തകരും അംഗീകരിക്കുന്നില്ല. സരിന് അനുകൂലമായി നില്‍ക്കുന്ന വോട്ടുകള്‍ പോലും സരിന് ലഭിക്കില്ല. സരിനോടൊപ്പം നില്‍ക്കുന്നവർക്ക് കോണ്‍ഗ്രസിനോടാണ് എതിർപ്പ്. രാഹുലിന്‍റെ പരാജയമാണ് അവർ ലക്ഷ്യം വെക്കുന്നത്. സരിന്‍റെ ഒപ്പമുള്ളവർ ബിജെപിക്ക് വോട്ട് ചെയ്യും. കോണ്‍ഗ്രസിനോട് എതിർപ്പുള്ളവരും ബിജെപിക്ക് വോട്ട് ചെയ്യുമെന്നും റിപ്പോർട്ടില്‍ പറയുന്നതായി അൻവർ പറഞ്ഞു. മുസ്ലിം സമുദായത്തിലെ വലിയ വിഭാഗം ഡിഎംകെ സ്ഥാനാർത്ഥി മിൻഹാജ് പിൻമാറരുതെന്ന് പറയുന്നവരാണ്. ആധികാരികതയുള്ള പ്രൊഷണൽ സംഘമാണ് സർവ്വേ നടത്തിയതെന്നും അൻവർ കൂട്ടിച്ചേർത്തു.

Content Highlights: Unconditional support for UDF Candidate in Palakkad by poll Said P V Anwar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us