തിരുവനന്തപുരം: പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ കോൺഗ്രസിലായിരിക്കുമ്പോൾ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ചർച്ചയാക്കേണ്ടെന്ന് എ എ റഹീം എംപി. സതീശനെ സുധാകരൻ വിളിച്ച പോലെയുള്ള വിഴുപ്പുകൾ ഉണ്ടാകും. അത് കോൺഗ്രസ് രാഷ്ട്രീയത്തിന്റെ സംസ്കാരമാണെന്നും എ എ റഹീം ആരോപിച്ചു. പട്ടികയിലെ ഒടുവിലത്തെ ആളല്ല സരിൻ. കോൺഗ്രസ് അഗ്നിപർവതത്തിന് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂർണമായും നവീൻ ബാബുവിനൊപ്പമാണ് സർക്കാരും സിപിഐഎമ്മും ഡിവൈഎഫ്ഐയും എന്ന് പറഞ്ഞ റഹീം പി പി ദിവ്യയെ തള്ളിപ്പറയുകയാണോ എന്ന ചോദ്യത്തിന് ഡിവൈഎഫ്ഐ ദിവ്യയെ ന്യായീകരിച്ചിട്ടില്ലെന്നും മറുപടി നൽകി. ദിവ്യയ്ക്ക് ഒരു പ്രത്യേക പരിഗണനയും കൊടുത്തിട്ടില്ല. പ്രതികൾക്കൊപ്പം നിൽക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രോസിക്യൂഷന്റെ ശക്തമായ നിലപാടെന്നും റഹീം കൂട്ടിച്ചേർത്തു.
സരിനെ സ്വീകരിച്ചത് പരീക്ഷണമല്ലെന്ന് കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിച്ചവരെ മുന്‍പും പാര്‍ട്ടി കൂടെ കൂട്ടിയിട്ടുണ്ടെന്നും അങ്ങനെയാണ് കരുണാകരനെയും ആന്റണിയെയും കൂടെ കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു. സരിനെ സ്വീകരിച്ചത് അടവുനയമാണ്. ജനകീയ അടിത്തറ വിപുലപ്പെടുത്താന്‍ ഫലപ്രദമായ നടപടി സ്വീകരിച്ചുവെന്നും ഗോവിന്ദന്‍ പറഞ്ഞിരുന്നു.
content highlights: AA Rahim MP said that the things said by P Sarin when he was in Congress should not be discussed now