പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും പവര്‍ ഗ്രൂപ്പ് ശക്തം, മ്ലേച്ഛവും മോശവുമായ അനുഭവം ഉണ്ടായിട്ടുണ്ട്; സാന്ദ്ര തോമസ്

'അന്നുണ്ടായ മാനസികാഘാതത്തില്‍ നിന്ന് പൂര്‍ണമായി ഇപ്പോഴും മോചിതയായിട്ടില്ല'

dot image

തിരുവന്തപുരം: പ്രൊഡ്യുസേഴ്‌സ് അസോസിയേഷനെതിരെ നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ തുറന്ന കത്ത്. മലയാള സിനിമാ മേഖല സ്ത്രീ വിരുദ്ധമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും പവര്‍ ഗ്രൂപ്പ് ശക്തമാണെന്നുമാണ് സാന്ദ്രയുടെ ആരോപണം. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഫിയോക്കിന് വേണ്ടിയാണ് നിലനില്‍ക്കൊളളുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ വിളിച്ച ശേഷം താന്‍ അപമാനിക്കപ്പെട്ടു.

അന്നുണ്ടായ മാനസികാഘാതത്തില്‍ നിന്ന് പൂര്‍ണമായി ഇപ്പോഴും മോചിതയായിട്ടില്ല. തനിക്കുണ്ടായ ദുരനുഭവം അസോസിയേഷനിലെ ഭാരവാഹികളെയും വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയോ പരിഹാരമോ ഈ കത്തെഴുതുന്ന നിമിഷം വരെ ഉണ്ടായിട്ടില്ലെന്നും സാന്ദ്ര കത്തിൽ വ്യക്തമാക്കുന്നു. സ്ത്രീ സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്നതില്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പരാജയപ്പെട്ടു. അതിനാൽ പ്രസിഡന്റും സെക്രട്ടറിയും രാജി വയ്ക്കണമെന്ന് സാന്ദ്ര കത്തിൽ പറയുന്നു.

സാന്ദ്രാ തോമസ് അയച്ച കത്തിന്റെ പൂർണരൂപം

താങ്കള്‍ അയച്ച വിശദീകരണ നോട്ടീസ് ലഭിച്ചു. തികച്ചും പ്രതിഷേധാര്‍ഹവും ഒരു സംഘടന എന്ന നിലയില്‍ തികച്ചും അപക്വമായ ഒരു വിശദീകരണ നോട്ടീസാണ് ഇത്. ഒരു സംഘടന അയയ്ക്കുന്ന കത്തില്‍ അവാസ്തവമായ കാര്യങ്ങള്‍ എഴുതി ചേര്‍ക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ് പ്രത്യേകിച്ച് ഒരു സ്ത്രീയോട് വിശദീകരണം ആവശ്യപ്പെടുമ്പോള്‍ വെളിപ്പെടുത്തലുകളാലും പൊലീസ് ക്രിമിനല്‍ കേസുകളാലും മലയാള സിനിമ ലോകം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടാനന്തരം ചര്‍ച്ച ചെയ്യുന്ന ഈ വേളയില്‍ ‘ഞങ്ങള്‍ ഈ നാട്ടുകാരെ അല്ല’ എന്ന മട്ടില്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ് സിനിമ മേഖലയിലെ പ്രബല സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍.

യഥാര്‍ഥത്തില്‍ ഇങ്ങനെയൊരു വിശദീകരണം നല്‍കേണ്ടി വരുന്നത് തന്നെ സിനിമ മേഖലയിലെ ഒരു നിർമാതാവ് ആയിട്ടു പോലും ഒരു വനിതാ എന്ന നിലയില്‍ എന്റെ ഗതികേടാണ്. അപ്പോള്‍ ഇത്ര കണ്ട് സ്ത്രീ സൗഹൃദമല്ല ഈ മേഖല എന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷന്‍ തന്നെ ഈ കത്തിലൂടെ സമര്‍ഥിക്കുകയാണ്.

അസോസിയേഷന്റെ ഭാരവാഹികളുടെ ഭാഗത്തു നിന്ന് എനിക്ക് മ്ലേച്ഛവും മോശവുമായ അനുഭവം ഉണ്ടായിട്ടുണ്ട് .അത് മാത്രമല്ല ഈ മേഖലയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്ന് വെളിവാക്കുന്നത് കൂടിയാണ് ഈ വിശദീകരണം ചോദിച്ചുള്ള കത്ത്. ഒരു പ്രൊഡ്യൂസര്‍ പണം മുടക്കി റിസ്‌ക് എടുത്തു നിര്‍മിക്കുന്ന ചിത്രം വിതരണം ചെയ്യേണ്ടത് ഫിയോക്ക് ആണെന്ന് നിഷ്‌കര്‍ഷിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിലകൊള്ളുന്നത് ഫിയോക്കിന് വേണ്ടിയോ നിര്‍മാതാവിന് വേണ്ടിയോ?

25/06/2024ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഓഫിസില്‍ വച്ച് എനിക്കുണ്ടായ മ്ലേച്ഛമായ അനുഭവത്തെത്തുടര്‍ന്നു മാനസികമായി ആകെ തകര്‍ന്ന എനിക്ക് ദിവസങ്ങളോളം ഉറക്കമില്ലായിരുന്നു. മാനസികാഘാതത്തില്‍ നിന്ന് ഞാനിപ്പോഴും പൂര്‍ണമായി മോചിതയായിട്ടില്ല. തുടര്‍ന്ന് എനിക്ക് പാനിക് അറ്റാക്ക് ഉണ്ടാകുകയും ഞാന്‍ വൈദ്യ സഹായം തേടുകയും ചെയ്തു എന്നുള്ളത് എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പേഴ്സില്‍ ചിലര്‍ക്കെങ്കിലും അറിവുള്ളതാണ്– പിറ്റേദിവസം തന്നെ എനിക്കുണ്ടായ ദുരനുഭവം അസോസിയേഷനിലെ പല ഭാരവാഹികളെയും വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയോ പരിഹാരമോ ഈ കത്തെഴുതുന്ന നിമിഷം വരെ ഉണ്ടായിട്ടില്ല എനിക്കിന്നും ഉത്തരം കിട്ടാതെ മൂന്നു ചോദ്യങ്ങള്‍ അവശേഷിക്കുന്നു.

  1. ഒരു സ്വകാര്യ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മാതാക്കളുടെ സംഘടനയെ താറടിച്ചു കാണിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിക്കുന്ന അസോസിയേഷന്‍ ഒന്നര ലക്ഷം രൂപ മെമ്പര്‍ഷിപ് ഫീസ് നല്‍കി മെമ്പര്‍ഷിപ് ലഭിച്ച എനിക്ക് ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാതിരുന്നത് എന്തുകൊണ്ട് ? എന്നെ ചര്‍ച്ചയ്ക്ക് എന്ന് പറഞ്ഞു വിളിച്ചു വരുത്തി എന്റെ അടിവസ്ത്രത്തിന്റെ കളര്‍ ചര്‍ച്ച ചെയ്ത പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ എന്താണ് നടപടി സ്വീകരിക്കാത്തത്?
  2. എന്റെ പ്രശ്‌നം പരിഹരിക്കാനായി എന്റെ സംഘടനയായ നിര്‍മാതാക്കളുടെ സംഘടനയെ സമീപിച്ച എന്നെ മറ്റൊരു സംഘടനയായ ഫിയോക്കിലേക്ക് സെക്രട്ടറി തന്നെ പറഞ്ഞു വിട്ടത് എന്തിന്?
  3. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം ഞാന്‍ അസോസിയേഷനില്‍ സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നല്‍കിയ കത്തിലെ നിര്‍ദ്ദേശങ്ങള്‍ മോഷ്ടിച്ചെടുത്തു പത്രക്കുറിപ്പ് ഇറക്കിയതിന്റെ മാനദണ്ഡം എന്ത്? പുതിയ കാലത്തിന്റെ മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ കഴിയാത്ത സ്ത്രീ സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ട പ്രസിഡന്റും സെക്രട്ടറിയും രാജി വച്ചുകൊണ്ട് വനിതകളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരണം.

Content Highlight: Actress Sandra Thomas against Producers Association

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us