കുറ്റക്കാരെ വെറുതെവിടില്ല, നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർക്ക് ബന്ധമില്ല: മന്ത്രി കെ രാജൻ

ദിവ്യ ഒളിവിൽ ആണോ എന്നതിന് യെസ് എന്നോ നോ എന്നോ പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

dot image

തിരുവനന്തപുരം: നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് മന്ത്രി കെ രാജൻ. കുറ്റക്കാരെ വെറുതെ വിടില്ല. ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. കിട്ടാത്ത റിപ്പോർട്ടിനെ കുറിച്ച് ചോദിച്ചാൽ മറുപടി പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണറുടെ റിപ്പോർട്ട് ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. കളക്ടർക്ക് കേസുമായി ബന്ധമില്ല. റവന്യൂ വകുപ്പിന്റെ പരിപാടി മാറ്റിയത് മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവീൻ ബാബു സത്യസന്ധനായ ഉദ്യോ​ഗസ്ഥനാണ്. അദ്ദേഹത്തെ നേരത്തെ അറിയാം. ക്രൈം അല്ല ഫയൽ നീക്കത്തിലെ നടപടിക്രമങ്ങൾ ആണ് റവന്യൂ വകുപ്പ് അന്വേഷിക്കുന്നത്. പൊലീസ് അന്വേഷണം നടക്കട്ടെയെന്നും അതിൽ അഭിപ്രായം പറയാനില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദിവ്യ ഒളിവിൽ ആണോ എന്നതിന് യെസ് എന്നോ നോ എന്നോ പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം യാത്രയയപ്പ് ചടങ്ങിൽ നവീൻ ബാബുവിനെതിരെ പി പി ദിവ്യ നടത്തിയ പ്രസം​ഗത്തിന്റെ ദൃശ്യങ്ങൾ ദിവ്യ തന്നെയാണ് പ്രചരിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ ഗീതയുടെ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഫയൽ അനധികൃതമായി താമസിപ്പിച്ചിട്ടില്ലെന്നും റവന്യൂ വകുപ്പ് അന്വേഷണത്തിൽ പറയുന്നുണ്ട്. ദൃശ്യങ്ങൾ പ്രചരിപ്പിച്ച വിഷയത്തിൽ മാധ്യമ പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക ചാനൽ പ്രവർത്തകരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

പി പി ദിവ്യയുടെ മുൻകർ ജാമ്യഹർജിയിൽ ഇന്ന് തലശ്ശേരി കോടതിയിൽ വാദം നടക്കുകയാണ്. പൊലീസ് റിപ്പോർട്ടും ദിവ്യക്കെതിരാണെന്നാണ് സൂചന. കേസിലെ നിർണായക വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

Content Highlight: Minister K Rajan assures strict action against accused in Naveen Babu's death

dot image
To advertise here,contact us
dot image