ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ല; അന്‍വര്‍ ലീഗിലേക്ക് വരുമോയെന്ന ചോദ്യത്തില്‍ പിഎംഎ സലാം

ചേലക്കരയിലെ മുസ്ലിം ലീഗ് ഓഫീസില്‍ അന്‍വറിന് സ്വീകരണം നല്‍കിയിട്ടില്ലെന്നും പിഎംഎ സലാം

dot image

പത്തനംതിട്ട: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണം കേരളീയ സമൂഹത്തിന് അപമാനകരമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഭരണത്തിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും ആണ് കാണുന്നതെന്നും അധികാരം കിട്ടിയാല്‍ അഹന്ത മൂക്കുമെന്നും പിഎംഎ സലാം പറഞ്ഞു.

ജനങ്ങളെ സേവിക്കാനാണ് അവര്‍ സര്‍ക്കാരുകളെ സേവിക്കുന്നത്. അധികാരം കിട്ടിയില്‍ എല്ലാ നെറികേടും ചെയ്യുന്നു. നെറികേടുകള്‍ക്ക് കൂട്ടുനില്‍ക്കാത്തവരെ നശിപ്പിക്കുന്നു. അതില്‍ ഗവേഷണം നടത്തുകയാണ് സിപിഐഎം എന്നും പിഎംഎ സലാം പറഞ്ഞു.

ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നവീന്‍ ബാബു ജീവനൊടുക്കിയ സംഭവം. അധികാരം കിട്ടിയാല്‍ ആളുകളെ കൊന്നൊടുക്കാനുള്ള അവകാശം ഉണ്ട് എന്ന രീതിയിലാണ് സിപിഐഎം നേതൃത്വം മുന്നോട്ട് പോകുന്നതെന്നും പിഎംഎ സലാം വിമര്‍ശിച്ചു.

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ മുസ്ലിം ലീഗിലേക്ക് വരുമോയെന്ന ചോദ്യത്തിന് ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ലെന്നായിരുന്നു മറുപടി. നിലവില്‍ 25 ലക്ഷം അംഗങ്ങള്‍ ലീഗിനുണ്ട്. പുതുതായി ആരെയും എടുക്കുന്നില്ല. മതനിരപേക്ഷ ഫാസിസ്റ്റ് വിരുദ്ധ ചേരിയിലേക്ക് വരുന്നുണ്ടോയെന്ന് അന്‍വര്‍ ആദ്യം വ്യക്തമാക്കട്ടെ. ശേഷം മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കാം എന്നും പിഎംഎ സലാം പറഞ്ഞു.

ചേലക്കരയിലെ മുസ്ലിം ലീഗ് ഓഫീസില്‍ അന്‍വറിന് സ്വീകരണം നല്‍കിയിട്ടില്ല. വോട്ട് ചോദിക്കാന്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസില്‍ കയറാറുണ്ട്. അതില്‍ തെറ്റില്ലെന്നും പിഎംഎ സലാം പറഞ്ഞു.

ചേലക്കര മണ്ഡലത്തിലെ ദേശമംഗലത്തിനടുത്ത് പള്ളത്തെ മുസ്ലിം ലീഗ് ഓഫീസില്‍ പി വി അന്‍വര്‍ എത്തിയത് ചര്‍ച്ചയായിരുന്നു. ചേലക്കരയിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ കെ സുധീറിനൊപ്പമായിരുന്നു അന്‍വര്‍ എത്തിയത്. എന്നാല്‍ അന്‍വര്‍ വന്നത് തങ്ങള്‍ ക്ഷണിച്ചിട്ടല്ലെന്നും ആതിഥ്യ മര്യാദയുടെ പേരില്‍ ഓഫീസിലേക്ക് സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രാദേശിക ലീഗ് നേതൃത്വം വ്യക്തമാക്കിയത്.

Content Highlights: Not taking new people into the league PMA Salam on the question of whether Anwar will come to party

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us