പാലക്കാട്: കമ്മ്യൂണിസ്റ്റുകാരുടെ ചിരി ആത്മാർത്ഥതയുടേതാണെന്ന് പാലക്കാട് എൽഡിഎഫ് സ്വതന്ത്രൻ പി സരിൻ. തന്റെ മുഖത്തെ ചിരി ജനങ്ങൾ തനിക്ക് നൽകുന്നതാണെന്നും അത് അവർക്ക് തിരിച്ചുകൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും സരിൻ റിപ്പോർട്ടറിനോട് പറഞ്ഞു. കോഫി വിത്ത് അരുൺ പരിപാടിയ്ക്കിടെയായിരുന്നു സരിന്റെ പരാമർശം. പാലക്കാട്ടെ ജനങ്ങൾക്ക് ഇപ്പോഴുള്ളത് ആശ്വാസമാണെന്നും സരിൻ കൂട്ടിച്ചേർത്തു.
'ജനങ്ങൾ എനിക്ക് നൽകുന്നതാണ് ഞാൻ അവർക്ക് തിരിച്ചുനൽകുന്നത്. എന്റെ മുഖത്തെ പുഞ്ചിരി ജനങ്ങൾ എനിക്ക് നൽകിയ പുഞ്ചിരിയെ ഞാൻ അവർക്ക് തിരിച്ചുനൽകുന്നതാണ്. ജനങ്ങളുടെ റിഫ്ലെക്ഷൻ ആകാൻ ആഗ്രഹിക്കുന്ന ഒരു പൊതുപ്രവർത്തകനാണ് ഞാൻ. അവരുടെ നിരാശയും പ്രതീക്ഷയും സന്തോഷവുമെല്ലാം എന്റെ മുഖത്തും കണ്ടേക്കാം. അവർക്കിപ്പോഴുള്ളത് ഒരു ആശ്വാസമാണ്, ജനങ്ങൾക്കൊപ്പം നിൽക്കാൻ ഒരാളെ കിട്ടിയെന്ന സമാധാനത്തിലാണ് അവർ.
കമ്മ്യൂണിസ്റ്റ്കാരന്റെ ചിരി ആത്മാർത്ഥതയുടെ ചിരിയാണ്. കാട്ടിക്കൂട്ടലിന്റെ ചിരിയായി കൊണ്ടുനടക്കുന്ന കോൺഗ്രസിന്റെ മുന്നിൽ എല്ലായ്പ്പോഴും സത്യസന്ധമായി പ്രവർത്തിക്കാൻ, അവരുടെ ഒപ്പം നിന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്ന ചിരിയ്ക്ക് പ്രത്യേക അംഗീകാരം ഉണ്ട് എന്നാണ് സ്വന്തം അനുഭവത്തിൽ നിന്ന് വ്യക്തമാണ്', സരിൻ പറഞ്ഞു.
പി സരിൻ ഇന്ന് രാവിലെ 11 മണിക്കാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, യുഡിഎഫ് വിമതൻ എ കെ ഷാനിബ് എന്നിവരും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
Content Highlight: P Sarin says smile of communists has a sense of honesty