മലപ്പുറം: പൊന്നാനി പീഡന പരാതിയില്‍ പൊലീസ് ഉന്നതര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. പൊന്നാനി പൊലീസിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ്, കസ്റ്റംസ് ഓഫീസര്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കാനാണ് നിര്‍ദേശം. നിലവില്‍ മൂന്ന് പേരും സര്‍വീസില്‍ തുടരുന്നുണ്ട്. എന്നാല്‍ എസ്പി സുജിത് ദാസ് മറ്റൊരു കേസില്‍ സസ്‌പെന്‍ഷനിലാണ്.
2022ലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് തന്നെ അതിജീവിത പരാതി നല്‍കിയെങ്കിലും പരാതി പൊലീസ് അട്ടിമറിക്കുകയായിരുന്നു. പിന്നാലെ കഴിഞ്ഞ മാസം യുവതി വീണ്ടും പരാതി നല്‍കുകയായിരുന്നു. കേസ് എടുക്കാതായതോടെ കോടതിയെ സമീപിക്കുകയായിരുന്നു.
നേരത്തെ മജിസ്‌ട്രേറ്റ് കോടതി പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതിയെ തിരുത്തിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എഫ്‌ഐആര്‍ ഇടാത്തത് ഞെട്ടിച്ചു എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശം നല്‍കേണ്ടതെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. പൊലീസ് റിപ്പോര്‍ട്ട് തേടിയ മജിസ്ട്രേറ്റിന്റെ നടപടി അനിവാര്യമായിരുന്നില്ലെന്നും അന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചത്. കുറ്റകൃത്യം വെളിവായിട്ടും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും ഗുരുതര കുറ്റകൃത്യത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
Content Highlights: Ponnani magistrate ordered to register FIR against police officers in Ponnani case