തിരുവനന്തപുരം: എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ്. തിരഞ്ഞെടുപ്പ് കഴിയും വരെ സ്റ്റേഷനിൽ ഹാജരാകേണ്ടതില്ല. തിരുവനന്തപുരം സിജെഎം കോടതിയാണ് വോട്ടെടുപ്പ് തീരുന്നത് വരെ രാഹുൽ തിങ്കളാഴ്ചകളിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടേണ്ടെന്ന് ഉത്തരവിട്ടത്. ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യുന്നതിനെതിരെയുള്ള പൊലീസിൻ്റെ വാദം കോടതി തള്ളി. പൊലീസ് രാഷ്ട്രീയം കളിക്കുന്നുവെന്നും പ്രചാരണരംഗത്ത് നിന്ന് മാറ്റിനിർത്താനാണ് ശ്രമമെന്നും ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന പൊലീസിന്റെ നിലപാടിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നേരത്തേ പ്രതികരിച്ചിരുന്നു.
ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞത്. ഇത്തരത്തിലുള്ള ശ്രമങ്ങൾക്കെല്ലാം പാലക്കാട്ടെ ജനം വോട്ടിലൂടെ മറുപടി പറയുമെന്നും രാഹുൽ പറഞ്ഞിരുന്നു. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് പൊലീസ് നിലപാടെടുത്തിരുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയിൽ ഇളവ് പാടില്ലെന്ന പൊലീസ് വാദം ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയും പറഞ്ഞിരുന്നു. പാലക്കാട്ട് നടക്കുന്നത് രണ്ടാം പൂരം കലക്കലാണ്. തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിച്ചു. മകളുടെ മുഖം ഓർമ്മ വരുന്നത് കൊണ്ടാണ് മുഖ്യമന്ത്രിക്ക് ഇതെല്ലാം ചെയ്യാൻ തോന്നുന്നതെന്നും അബിൻ വർക്കി ആരോപിച്ചിരുന്നു. രാഹുലിന് ജയിലിൽ പോകേണ്ടി വന്നാലും പതിനായിരത്തിലധികം വോട്ടിന് യുഡിഎഫ് ജയിക്കുമെന്നും അബിൻ വർക്കി പറഞ്ഞു.
content highlights: Relaxation in bail conditions for Rahul Mamkootathil