'ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടി കാവൽ നില്‍ക്കും പോലെ നിന്നു'; മാധ്യമങ്ങളെ അധിക്ഷേപിച്ച് എന്‍എന്‍ കൃഷ്ണദാസ്

പാലക്കാട്ടെ സിപിഐഎം നേതാവ് അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടതിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകർക്ക് നേരേയും എൻ എൻ കൃഷ്ണദാസ് ആക്രോശിച്ചിരുന്നു

dot image

പാലക്കാട്: മാധ്യമങ്ങൾക്കെതിരെ അധിക്ഷേപവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ്.
ഇറച്ചിക്കടയിലെ പട്ടിയെപ്പോലെയാണ് മാധ്യമങ്ങൾ അബ്ദുൾ ഷുക്കൂറിൻറെ വീടിനു മുന്നിൽ കാവൽ നിന്നത് എന്ന് കൃഷ്ണദാസ് അധിക്ഷേപിച്ചു.


''സിപിഐഎമ്മിൽ പൊട്ടിത്തെറിയെന്ന് കൊടുത്തവർ ലജ്ജിച്ച് തലതാഴ്ത്തുക. രാവിലെ മുതൽ ഇപ്പോൾ വരെ ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്നതുപോലെ ഷുക്കൂറിന്റെ വീടിന് മുന്നിൽ നിന്നവർ തലതാഴ്ത്തുക. ഞാൻ ഇഷ്ടമുള്ളിടത്തോക്കെ പോകും. നിങ്ങളോട് പറയേണ്ടതില്ല. നിങ്ങൾ ആരാണ്. പാലക്കാടെ ഏത് വീട്ടിലും എനിക്ക് പോകാം'', എന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്. ഇതിനെതിരെ മാധ്യമങ്ങൾ പ്രതികരിച്ചതോടെ പരാമർശം ആവർത്തിച്ചു. ഇനിയും പറയും എന്നും എൻ എൻ കൃഷ്ണദാസ് പ്രതികരിച്ചു.

പാലക്കാട്ടെ സിപിഐഎം നേതാവ് അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടതിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് നേരത്തെയും എൻ എൻ കൃഷ്ണദാസ് ആക്രോശിച്ചിരുന്നു. ചോദ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ചശേഷം മാധ്യമങ്ങളോട് കടന്നുപോകാൻ പറയുകയായിരുന്നു. നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയന്നും നിങ്ങൾ കഴുകൻമാരെ പോലെ നടക്കുകയല്ലേയെന്നും തങ്ങളുടെ പാർട്ടിയിലെ കാര്യം തങ്ങൾ തീർത്തോളാമെന്നും കൃഷ്ണദാസ് പറഞ്ഞു. എല്ലാവരോടും സംസാരിക്കുന്നത് പോലെ തന്നോട് സംസാരിക്കരുതെന്നും കോലും കൊണ്ട് തൻറെ മുന്നിലേക്ക് വരേണ്ടതില്ലെന്നും കൃഷ്ണദാസ് ആക്രോശിച്ചു. പാർട്ടി വിട്ട പാലക്കാട്ടെ സിപിഐഎം നേതാവ് അബ്ദുൾ ഷുക്കൂറിനെ അനുനയിപ്പിക്കാൻ നേരത്തെ കൃഷ്ണദാസ് വീട്ടിലെത്തിയിരുന്നു.

അതേസമയം നേതാക്കൾ ഷുക്കൂറിനെ കണ്ട് അനുയിപ്പിച്ചതോടെ പാർട്ടി വിടേണ്ടെന്ന തീരുമാനത്തിലാണ് ഷുക്കൂർ. തുടർന്ന് എൽഡിഎഫ് കൺവെൻഷനിൽ പങ്കെടുത്തു. സിപിഐഎം മുതിർന്ന നേതാക്കൾ അബ്ദുൾ ഷുക്കൂറുമായി ചർച്ച നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കുകയായിരുന്നു.

ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പാർട്ടിയിൽ കടുത്ത അവഗണനയാണെന്നുമായിരുന്നു അബ്ദുൾ ഷുക്കൂർ നേരത്തെ പ്രതികരിച്ചത്. ആത്മാർത്ഥമായി പ്രവർത്തിച്ച ആളാണ് താൻ. ഒരു ചവിട്ടിത്താഴ്ത്തൽ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉണ്ടായി. അത് സഹിക്കാനായില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അബ്ദുൽ ഷുക്കൂർ റിപ്പോട്ടറിനോട് പറയുകയായിരുന്നു.

തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ല. സമാന അനുഭവസ്ഥർ പാർട്ടിയിൽ വേറെയുമുണ്ട്. പാലക്കാട് ഓട്ടോ ടാക്‌സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമായിരുന്നു ഷുക്കൂർ. പത്തുനാൽപ്പതുപേർ ഇരിക്കുന്ന ഒരു യോഗത്തിൽവെച്ച് തന്നെ അവഹേളിച്ചുവെന്നും ഇങ്ങനെ സഹിച്ചു നിൽക്കാൻ ആവാത്തതിനാൽ ഇന്നലയോടെ പാർട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്നുമാണ് ഇന്ന് രാവിലെ അബ്ദുൾ ഷുക്കൂർ വ്യക്തമാക്കിയത്.

content highlights: CPIM state committee member NN Krishnadas made allegations against the media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us