നവീൻ ബാബുവിന്റെ മരണം: 'ഇനിയും ഒരുപാട് കാര്യങ്ങൾ പുറത്തുവരാനുണ്ട്'; ദിവ്യയെ ക്ഷണിച്ചില്ലെന്നാവർത്തിച്ച് കളക്ടർ

'യാത്രയയപ്പിനുശേഷം നവീൻ ബാബുവിനെ കണ്ടിരുന്നോ എന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. കൂടുതൽ കാര്യങ്ങൾ പറയാൻ ബുദ്ധിമുട്ടുണ്ട്'

dot image

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ജില്ലാ കളക്ടർ അരുൺ കെ വിജയൻ. കണ്ടുവെന്നത് ദിവ്യയുടെ വാദം മാത്രം. ഒരുപാട് കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും അതില്ലാത്തത് കൊണ്ടാണ് വ്യക്തത വരാത്തതെന്നും അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു.

'ഇനിയും കാര്യങ്ങൾ പുറത്തു വരേണ്ടതുണ്ട്. അക്കാര്യങ്ങൾ പുറത്തുവരാത്തതുകൊണ്ടാണ് സംഭവത്തിൽ വ്യക്തതയില്ലാത്തത്. പ്രോസിക്യൂഷൻ വാദത്തിൽ മൊഴിയിലെ കുറച്ചു ഭാഗങ്ങൾ വന്നിട്ടുണ്ട്. സത്യം പുറത്തുവരണം എന്ന് നിങ്ങളെപ്പോലെ ഞാനും ആഗ്രഹിക്കുന്നു. ഓരോ ഘട്ടത്തിലും പറയാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിമിതികളുണ്ട്. ഇനിയും കാര്യങ്ങൾ പുറത്തുവരേണ്ടതുണ്ട്. അക്കാര്യങ്ങൾ പുറത്തു വരാത്തത് കൊണ്ടാണ് സംഭവത്തിൽ വ്യക്തത കുറവുള്ളത്.

ആരെയൊക്കെ എവിടെയൊക്കെ കണ്ടു എന്നതും എന്തൊക്കെ അറിയാമായിരുന്നു എന്നതും മൊഴിയുടെ ഭാഗമാണ്. മൊത്തമായ കാര്യങ്ങൾ പുറത്തുവന്നാൽ വ്യക്തതക്കുറവ് ഉണ്ടാവില്ല. യാത്രയയപ്പിനുശേഷം നവീൻ ബാബുവിനെ കണ്ടിരുന്നോ എന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. കൂടുതൽ കാര്യങ്ങൾ പറയാൻ ബുദ്ധിമുട്ടുണ്ട്. അന്വേഷണം ഉദ്യോഗസ്ഥരോട് അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്', അരുൺ കെ വിജയൻ പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം പി പി ദിവ്യയ്ക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന സൂചനയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രം​ഗത്തെത്തിയിരുന്നു. ദിവ്യയ്ക്കെതിരായ നടപടി ആഭ്യന്തര വിഷയമായതിനാൽ സംഘടനാപരമായി ആലോചിക്കും. തെറ്റായ ഒരു നിലപാടിന്റെ കൂടെയും ഈ പാർട്ടി നിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബുവിന് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ ഗീത ഐഎഎസ് സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്നാണ് റിപ്പോർട്ടിലെ പരാമർശം. പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 29-ലേക്ക് മാറ്റിയിട്ടുണ്ട്. വ്യക്തിഹത്യയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത് കുമാർ വാദിച്ചു. ക്ഷണിച്ചില്ലെന്ന് കളക്ടർ പറഞ്ഞിട്ടുണ്ടെന്നും വഴിയെ പോകുന്നതിനിടെയാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് ദിവ്യ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Content Highlight: Kannur collector says Divya wasn't invited, says there are more to come out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us