ചേലക്കര: എന്‍സിപി നേതാവ് തോമസ് കെ തോമസിനെതിരായ ആരോപണം തള്ളാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. തോമസ് കെ തോമസിനെതിരായ ആരോപണം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്നണിയുടെ ശ്രദ്ധയിലേക്ക് ഇത്തരം വിഷയങ്ങള്‍ വന്നിട്ടില്ലെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി.
തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയും മുന്നണിയില്‍ നടന്നിട്ടില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. മന്ത്രിസ്ഥാനത്തെ കുറിച്ച് സംസാരിക്കേണ്ടത് അതാത് പാര്‍ട്ടികളാണ്. മന്ത്രിസ്ഥാനത്തിന് ഒരുറപ്പും ഇടതുമുന്നണി നല്‍കിയിട്ടില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
കുതിരക്കച്ചവടം കേരളത്തിലേക്ക് എത്തുന്നത് അപമാനകരമെന്നാണ് വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. വളരെ ഗൗരവമുള്ള കാര്യമാണ്. എന്തെങ്കിലും കാരണം പറഞ്ഞ് അന്വേഷണത്തിന്റെ ദിശ മാറരുത്. അന്വേഷണം നടക്കട്ടെയെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
കൂറുമാറാന്‍ എല്‍ഡിഎഫ് മുന്നണിയിലെ എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്‌തെന്നാണ് തോമസ് കെ തോമസിനെതിരായ ആരോപണം. 100 കോടിയാണ് എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തത്. ജനാധിപത്യ കേരള കോണ്‍ഗ്രസ്, ആര്‍എസ്പി-ലെനിനിസ്റ്റ് എന്നീ പാര്‍ട്ടികളിലെ എംഎല്‍എമാരെ പണം നല്‍കി ബിജെപി സഖ്യകക്ഷിയായ അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറ്റാന്‍ തോമസ് കെ തോമസ് ശ്രമിച്ചിരുന്നുവെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസ്ഥാനത്തേക്കുള്ള പ്രവേശം മുഖ്യമന്ത്രി തടയുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.
ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനുമാണ് പണം വാഗ്ദാനം ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ആരോപണം തള്ളി തോമസ് കെ തോമസ് രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നില്‍ ആന്റണി രാജുവാണെന്നും മന്ത്രി സ്ഥാന തര്‍ക്കം അട്ടിമറിക്കാനാണ് ശ്രിമിക്കുന്നതെന്നും തോമസ് കെ തോമസ് പ്രതികരിച്ചു.
Content Highlights: LDF Convener Responds To The Allegations Against Thomas K Thomas