എംഎൽഎമാർക്ക് 50 കോടി വീതം വാ​ഗ്ദാനം ചെയ്തെന്ന് ആരോപണം; തള്ളി തോമസ് കെ തോമസ്

മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് ഇടതുപക്ഷ എംഎൽഎമാരെ കൂറുമാറ്റാൻ കോഴ വാഗ്ദാനം നടത്തിയെന്ന പരാതി മുഖ്യമന്ത്രിക്ക് ലഭിച്ചതിനാലെന്ന് റിപ്പോർട്ട്

dot image

തിരുവനന്തപുരം: കൂറുമാറാൻ എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്തെന്ന ആരോപണം തള്ളി എൻസിപി ശരദ് പവാർ പക്ഷം എംഎൽഎ തോമസ് കെ തോമസ്. ആരോപണങ്ങൾക്ക് പിന്നിൽ കുട്ടനാട് സീറ്റിൽ നിന്നും മുമ്പ് മത്സരിച്ചിരുന്ന കേരള കോൺ​ഗ്രസ് നേതാവ് ആന്റണി രാജു ആണെന്നും തോമസ് കെ തോമസ് ആരോപിച്ചു. ഇത് സംബന്ധിച്ച കത്ത് തോമസ് കെ തോമസ് കൈമാറിയിട്ടുണ്ട്.

സംഭവത്തിൽ വിശദീകരണം നൽകാൻ ഇന്ന് വാർത്താ സമ്മേളനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിസ്ഥാന തർക്കം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മന്ത്രിസ്ഥാന തർക്കം വന്നപ്പോൾ മാത്രം വന്ന ആരോപണമാണ്. 100 കോടിക്ക് ഒരു വിലയുമില്ലേ? കുട്ടനാട്ടിലെ വികസനം കണ്ട് ആൻ്റണി രാജുവിന് സമനില തെറ്റിയിരിക്കുകയാണ്. ശരദ് പവാർ പക്ഷത്തു നിൽക്കുന്ന താൻ എങ്ങനെ അജിത് പവാറിൻ്റെ ആളാകുമെന്നും അദ്ദേഹം ചോദിച്ചു.

100 കോടി കൊടുക്കണമെങ്കിൽ ആദ്യം തനിക്ക് പണം തന്ന് വശത്താക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ സംസ്ഥാന അധ്യക്ഷനുമായി ആലോചിച്ച് മറുപടി നൽകും. അപവാദ പ്രചരണം തൻ്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമാണ്. ഇതിന് പിന്നിൽ ആരൊക്കെയാണെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തോമസ് കെ തോമസ്

മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് തോമസ് കെ തോമസ് നേരത്തെ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയ്ക്ക് ഒപ്പമായിരുന്നു അദ്ദേഹം സന്ദർശനത്തിന് എത്തിയത്. എന്നാൽ ജനാധിപത്യ കേരള കോൺ​ഗ്രസ്, ആർഎസ്പി-ലെനിനിസ്റ്റ് എന്നീ പാർട്ടികളിലെ എംഎൽഎമാരെ പണം നൽകി ബിജെപി സഖ്യകക്ഷിയായ അജിത് പവാർ പക്ഷത്തേക്ക് കൂറുമാറ്റാൻ തോമസ് കെ തോമസ് ശ്രമിച്ചിരുന്നുവെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മന്ത്രിസ്ഥാനത്തേക്കുള്ള പ്രവേശം മുഖ്യമന്ത്രി തടയുകയായിരുന്നു എന്നുമാണ് റിപ്പോർട്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ

കഴിഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോ​ഗത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജനാധിപത്യ കേരള കോൺ​ഗ്രസ് നേതാവ് ആന്റണി രാജുവുമായും ആർഎസ്പി-ലെനിനിസ്റ്റ് കോവൂർ കുഞ്ഞുമോനുമായി വിഷയത്തിൽ തോമസ് കെ തോമസ് ചർച്ച നടത്തിയിരുന്നു. ഓരോരുത്തർക്കം 50 കോടി വീതമായിരുന്നു വാ​ഗ്ദാനം ചെയ്തത്. കേരളത്തിനായി അജിത് പവാർ പക്ഷം 250 കോടി മാറ്റിവെച്ചിട്ടുണ്ടെന്നും തോമസ് കെ തോമസ് പറഞ്ഞിരുന്നതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രി രണ്ട് എംഎൽഎമാരോടും ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. സംഭവം ശരിവെച്ചായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണമെന്നും അതേസമയം തനിക്ക് ആരും പണം വാ​ഗ്ദാനം ചെയ്തിട്ടില്ലെന്നാണ് കോവൂർ കുഞ്ഞുമോന്റെ പ്രതികരണമെന്നും റിപ്പോർട്ടുണ്ട്.

Content Highlight: NCP MLA Thomas K Thomas denies allegation of offering 50 crore to MLA's to join BJP led NCP factor

dot image
To advertise here,contact us
dot image