മുസ്ലിങ്ങളിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ മഅ്ദനി പങ്കുവഹിച്ചു: പി ജയരാജൻ

ബാബരി മസ്ജിദ് തകർച്ചയ്ക്ക് ശേഷം മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ അബ്ദുൽ നാസർ മഅ്ദനിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തിയ പ്രഭാഷണ പര്യടനം തീവ്രവാദ ചിന്ത വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു

dot image

കൊച്ചി: കേരളത്തിലെ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ അബ്ദുൽ നാസർ മഅ്ദനി പങ്കുവഹിച്ചിരുന്നുവെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. ബാബരി മസ്ജിദ് തകർച്ചയ്ക്ക് ശേഷം മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ അബ്ദുൽ നാസർ മഅ്ദനിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം നടത്തിയ പ്രഭാഷണ പര്യടനം തീവ്രവാദ ചിന്ത വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. മഅ്ദനി അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ആളുകൾക്കിടയിൽ തീവ്രചിന്താഗതികൾ വളർത്താൻ ശ്രമിച്ചുവെന്നും ഇതിലൂടെ ഒട്ടേറെ യുവാക്കൾ തീവ്രവാദ പ്രവർത്തനത്തിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണെന്നും പി ജയരാജൻ കൂട്ടിച്ചേ‍ർത്തു. കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ ഗതിവികാസങ്ങളെക്കുറിച്ച് പി ജയരാജൻ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ' കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിലാണ് പി ജയരാജൻ ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.

'അതിവൈകാരികമായ പ്രസംഗങ്ങളിലൂടെ ആളുകൾക്കിടയിൽ തീവ്രചിന്താഗതികൾ വളർത്താൻ മഅ്ദനി ശ്രമിച്ചു. സ്വകാര്യ സായുധ സുരക്ഷാ ഭടൻമാർക്കൊപ്പം നടത്തിയ പര്യടനം മുസ്ലിം യുവാക്കൾക്കിടയിൽ ആർഎസ്എസിനെ പ്രതിരോധിക്കാനുള്ള വഴികൾ ആരായുന്നതിലേക്ക് നയിച്ചു. 1990-ൽ മഅ്ദനിയുടെ നേതൃത്വത്തിൽ ആർഎസ്എസിനെ അനുകരിച്ച് ഇസ്ലാമിക് സേവക് സംഘം(ഐഎസ്എസ്) രൂപീകരിച്ചു. ഐഎസ്എസ് നേതൃത്വത്തിൽ മുസ്ലിം യുവാക്കൾക്ക് ആയുധ ശേഖരവും ആയുധപരിശീലനവും നൽകി', പി ജയരാജൻ പറയുന്നു.

മുസ്ലിം തീവ്രവാദത്തിന്റെ അംബാസഡറായി മഅ്ദനിയെ പലരും വിശേഷിപ്പിച്ചിരുന്നുവെന്നും ഒട്ടേറെ അക്രമ സംഭവങ്ങളിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ സ്വദേശി തടിയന്റവിട നസീർ മഅ്ദനിയുടെ അതിവൈകാരിക പ്രഭാഷണങ്ങളിൽ ആകൃഷ്ടനായെന്നും പി ജയരാജൻ പുസ്തകത്തില്‍ പറയുന്നുണ്ട്. എന്നാൽ കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ പ്രതി ചേർക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തതിന് ശേഷം മഅ്ദനിയുടെ നിലപാടിൽ ചില മാറ്റങ്ങൾ വന്നെന്നും പി ജയരാജൻ കൂട്ടിച്ചേർത്തു.

ഐഎസ്എസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന പ്രഭാഷണ പരമ്പരയുടെ കാലത്ത് അദ്ദേഹത്തിനെതിരെ മുസ്ലിം സമുദായത്തിനകത്ത് നിന്ന് തന്നെ വിമർശനങ്ങൾ ഉയർന്നുവന്നപ്പോൾ മഅ്ദനി ആ സംഘടന പിരിച്ചുവിടുകയും തുടർന്ന് കൂടുതൽ വിപുലമായ പ്രവർത്തന സാധ്യതകളുള്ള പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) രൂപികരിക്കുകയായിരുന്നുവെന്നും പി ജയരാജൻ അടയാളപ്പെടുത്തി.

ഒക്ടോബർ 26 ശനിയാഴ്ച കോഴിക്കോട് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിക്കാൻ പോകുന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ ജയിൽമോചിതനായ ശേഷം അബ്ദുൽ നാസർ മഅ്ദനിയുടെ പിന്തുണ എൽഡിഎഫിനുണ്ടായിരുന്നു. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ വെച്ച് അന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ മഅ്ദനിയുമായി വേദി പങ്കിടുകയും, അന്ന് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ മഅ്ദനിയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ സിപിഐഎമ്മിന്റെ മുതിർന്ന നേതാക്കളിലൊരാളായ പി ജയരാജന്റെ ഈ പരാമർശങ്ങൾ പ്രാധാന്യമേറിയതാണ്.

content highlights: P Jayarajan said that Mahdani played a role in fostering terrorist thinking among the Muslims in kerala

dot image
To advertise here,contact us
dot image