കൊച്ചി: എൽഡിഎഫ് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ പ്രതികരണവുമായി എന്‍സിപി നേതാവ് തോമസ് കെ തോമസ് എംഎല്‍എ. ആരോപണത്തിനെതിരെ അന്വേഷണം വേണമെന്ന് തോമസ് ആവശ്യപ്പെട്ടു. മന്ത്രിയാകുന്ന അവസ്ഥയില്‍ പുറത്തു വന്ന ഗൂഢാലോചനയാണ് അഴിമതി ആരോപണമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആരോപണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും തന്നെയും കുടുംബത്തെയും തേജോവധം ചെയ്യുന്നെന്നും അദ്ദേഹം ആരോപിച്ചു. സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു.
നിയമസഭയുടെ ലോബിയില്‍ ഇരുന്നു ചര്‍ച്ച ചെയ്തു എന്നത് വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യം തങ്ങളുമായുള്ള ചര്‍ച്ചയില്‍ പറഞ്ഞിരുന്നുവെന്നും തോമസ് കെ തോമസ് വ്യക്തമാക്കി.
'ആന്റണി രാജുവിന്റെ ഉദ്ദേശ്യം അറിയില്ല. തോമസ് ചാണ്ടിയുടെ പ്രതിസന്ധി ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ആന്റണി രാജുവാണ്. കുട്ടനാട് സീറ്റ് പിടിച്ചെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ആദ്യം കുടുംബ സ്വത്ത് അടിച്ചു മാറ്റി എന്ന് ആരോപിച്ചു. എന്നെ അറിയാവുന്നവര്‍ ഇത് വിശ്വസിക്കില്ല. ഇന്നുവരെ സ്വത്തില്‍ കണക്ക് പറഞ്ഞിട്ടില്ല', തോമസ് കെ തോമസ് പറഞ്ഞു.
തോമസ് ചാണ്ടി തന്റെ ബലമായിരുന്നെന്നും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് താന്‍ മത്സരിച്ചതെന്നും തോമസ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ കൃത്യമായി വിവരങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും കോഴ നൽകാൻ ശ്രമിച്ചെന്നത് വ്യാജ വാര്‍ത്തയാണെന്നും അദ്ദേഹം വ്യക്തമാക്കി.
'മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിദ്ധരിപ്പിച്ചതാണ്. മുഖ്യമന്ത്രിയെ പൂര്‍ണവിശ്വാസമാണ്. മാനസികമായി എനിക്ക് അടുപ്പമുള്ള ആളല്ല ആന്റണി രാജു. അന്നും താല്‍പര്യമില്ല, ഇന്നുമില്ല', അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ആന്റണി രാജു ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ചെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.
അജിത് പവാറിനെ ആകെ കണ്ടത് ദേശീയ കൗണ്‍സില്‍ യോഗത്തിലാണെന്നും അജിത് പവാറിന് മഹാരാഷ്ട്ര മതിയെന്നും തോമസ് കെ തോമസ് പറഞ്ഞു. കേരളത്തിലെ എംഎല്‍എമാരെ കിട്ടിയിട്ട് അജിത് പവാറിന് എന്ത് നേട്ടമാണെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടിയിലെ എതിര്‍ ഗ്രൂപ്പ് ഇതിലിടപ്പെട്ടിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശശീന്ദ്രന്‍ നന്നായി ഭരിക്കാനറിയാവുന്ന മന്ത്രിയാണെന്നും താനും ശശീന്ദ്രനും തമ്മില്‍ ഒരു വാക്കുതര്‍ക്കം പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിന് ശേഷം മന്ത്രിയാകുമെന്നും തോമസ് കെ തോമസ് വ്യക്തമാക്കി.
ആര്‍എസ്പി-ലെനിനിസ്റ്റ് പാര്‍ട്ടി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു എന്നിവര്‍ക്ക് തോമസ് കെ തോമസ് കോഴ വാഗ്ദാനം ചെയതുവെന്നാണ് ആരോപണം. കോഴ വാഗ്ദാനം ചെയ്‌തെന്ന പരാതി നിലനില്‍ക്കുന്നതിനാലാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതെ തോമസ് കെ തോമസ് പിന്തള്ളപ്പെട്ടതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ വെളിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഇരു എംഎല്‍എമാരുമായും നടത്തിയ കൂടിക്കാഴ്ചയില്‍ കോഴ വാഗ്ദാനം ശരിവെച്ചായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. എന്നാല്‍ വാദങ്ങള്‍ കോവൂര്‍ കുഞ്ഞുമോന്‍ തള്ളിയെന്നുമാണ് വിവരം. എന്‍സിപി അജിത് പവാര്‍ പക്ഷത്തിലേക്ക് എംഎല്‍എമാരെ കൊണ്ടുവരാനാണ് കോഴ വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. എന്നാല്‍ അജിത് പവാര്‍ പക്ഷം ആരോപണം തള്ളിയിട്ടുണ്ട്.
Content Highlights: Thomas K Thomas reaction on allegations