'ഉറപ്പുനൽകിയ സഹായങ്ങൾ നടപ്പാക്കാതെ വഞ്ചിച്ചു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ചൂരൽമല ആക്ഷൻ കൗൺസിൽ

ഇവയെല്ലാം അടിയന്തരമായി അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ചൂരൽമല ആക്ഷൻ കൗൺസിൽ വ്യക്തമാക്കി

dot image

വയനാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ചൂരൽമല ആക്ഷൻ കൗൺസിൽ. ഉറപ്പുനൽകിയ സഹായങ്ങൾ നല്‍കാതെ സർക്കാരുകൾ വഞ്ചിച്ചുവെന്നാണ് ആരോപണം. കാണാതായവരുടെ ബന്ധുക്കൾക്ക് മരണ സർട്ടിഫിക്കറ്റ് അനുവദിക്കുക, അടിയന്തര ധനസഹായം ഉടൻ നൽകുക, മരിച്ചവരുടെയും കാണാതായവരുടെയും ലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്നിവയാണ് ആക്ഷൻ കൗൺസിൽ മുന്നോട്ടുവെയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ.

ഇവയെല്ലാം അടിയന്തരമായി അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ചൂരൽമല ആക്ഷൻ കൗൺസിൽ വ്യക്തമാക്കി. ആരെയാണ് വിശ്വസിക്കേണ്ടത്? സമരം ചെയ്തേ ആനുകൂല്യങ്ങൾ തരൂവെന്ന് ഏതെങ്കിലും സർക്കാർ പറയുന്നുവെങ്കിൽ അതിന് മടിക്കില്ലെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രി എത്തിയപ്പോഴൊക്കെ വലിയ ആശ്വാസമായിരുന്നു. വലിയ സഹായങ്ങൾ കിട്ടുമെന്ന് കരുതിയെന്നും എന്നാലത് വിഫലമായെന്നും ആക്ഷൻ കൗൺസിൽ അംഗങ്ങൾ പറഞ്ഞു.

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ധനസഹായം അനുവദിക്കാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേരളത്തിന് പ്രത്യേക ധനസഹായം അനുവദിച്ചിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കോടതിയിൽ പറഞ്ഞു. തീവ്രസ്വഭാവമുള്ള ദുരന്തമെന്ന് വിജ്ഞാപനം ഇറക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും സംസ്ഥാനം കോടതിയെ അറിയിച്ചിരുന്നു. ദുരിതബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന ആവശ്യത്തെ കേന്ദ്രം പരിഗണിച്ചില്ലെന്നും സംസ്ഥാനം കോടതിയിൽ പറഞ്ഞിരുന്നു.

വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ധനസഹായം തേടുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി. നേരത്തെ മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്ര സർക്കാരിനോട് കേരള ഹൈക്കോടതി ചോദ്യമുയർത്തിയിരുന്നു. മുണ്ടക്കൈ-ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട ധനസഹായം എപ്പോൾ നൽകുമെന്നാണ് കേന്ദ്ര സർക്കാരിനോട് കോടതി ചോദിച്ചത്. വയനാടിനെ വീണ്ടെടുക്കാൻ എന്തെങ്കിലും ചെയ്യൂവെന്നും കേന്ദ്രത്തോട് ഹൈക്കോടതി നിർദേശിച്ചിരുന്നു.

content highlights: Chooralmala Action Council against Central and State Governments

dot image
To advertise here,contact us
dot image