പാലക്കാട്: മാധ്യമപ്രവർത്തകർക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ്. തന്റെ ഉത്തമ ബോധ്യത്തിലാണ് പരാമർശം നടത്തിയതെന്നും മാധ്യമപ്രവർത്തകർ വലതുപക്ഷത്തിന്റെ ക്വട്ടേഷൻ എടുത്തവരാണെന്നും റിപ്പോർട്ടർ 'കോഫി വിത്ത് സുജയ'യിൽ അദ്ദേഹം പറഞ്ഞു. ഇറച്ചിക്കടയ്ക്ക് മുന്നിൽ പട്ടികൾ ഒരു കഷ്ണം കിട്ടുമോ എന്നുനോക്കി കൊതിവെള്ളമിറക്കി നിൽക്കുന്ന പോലെയാണ് മാധ്യമങ്ങൾ ഷുക്കൂറിൻറെ വീടിനുമുന്നിൽ നിന്നതെന്നാണ് തനിക്ക് തോന്നിയതെന്ന് അദ്ദേഹം ആവർത്തിച്ചു.
എൻ എൻ കൃഷ്ണദാസിന്റെ വാക്കുകൾ;
'പാർട്ടി അമ്മയെ പോലെയാണ്. അമ്മ കുട്ടികളെ ശാസിക്കും. കമ്മ്യൂണിസ്റ്റുകാരൻ വീടുവിട്ടു പോകുമ്പോൾ ഉറങ്ങാൻ കഴിയില്ല. ഷുക്കൂറിന് വിഷമം ഉണ്ടായി. ഷുക്കൂറിനെ അടർത്തിയെടുക്കാൻ വലതുപക്ഷം ശ്രമിച്ചു. ഇടതുപക്ഷത്തേക്ക് ആര് വന്നാലും സ്വീകരിക്കും. പാർട്ടി പ്രവർത്തകർ സാധാരണക്കാരാണ്. സങ്കടം വന്നാൽ അവർ കരയും.
എനിക്ക് ഉത്തമ ബോധ്യത്തിൽ തോന്നിയ ഉദാഹരണമാണ് ഞാൻ പറഞ്ഞത്. ഇറച്ചിക്കടയ്ക്ക് മുന്നിൽ പട്ടികൾ ഒരു കഷ്ണം കിട്ടുമോ എന്നുനോക്കി കൊതിവെള്ളമിറക്കി നിൽക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്.
ഒട്ടും റിഗ്രറ്റില്ല. ഞാനതിൽ ഉറച്ചുനിൽക്കുന്നു. നിങ്ങൾക്കെന്നോട് പ്രതിഷേധിക്കാം. അബ്ദുൾ ഷുക്കൂറിൻറെ കണ്ണീർ ഞങ്ങളൊപ്പി. നിങ്ങൾക്ക് ഷുക്കൂറിനെ വലതുപക്ഷത്തിന് കിട്ടാത്തതിൻറെ വിഷമമാണ്. മാധ്യമപ്രവർത്തകർ വലതുപക്ഷത്തിന്റെ ക്വട്ടേഷൻ എടുത്തവരാണ്. ഞങ്ങൾക്ക് അങ്ങനെയാണ് തോന്നുന്നത്. ഞാനിനിയും പറയും, നൂറുശതമാനം ഉത്തമ ബോധ്യത്തിലാണ് ഞാനത് പറഞ്ഞത്. പരസ്പര ബഹുമാനത്തോടെയാണ് മുന്നോട്ട് പോകേണ്ടത്.'
കഴിഞ്ഞ ദിവസമാണ് സിപിഐഎം നേതാവ് മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് പരാമർശം നടത്തിയത്. 'സിപിഐഎമ്മിൽ പൊട്ടിത്തെറിയെന്ന് കൊടുത്തവർ ലജ്ജിച്ച് തലതാഴ്ത്തുക. രാവിലെ മുതൽ ഇപ്പോൾ വരെ ഇറച്ചിക്കടയുടെ മുന്നിൽ പട്ടി നിൽക്കുന്നതുപോലെ ഷുക്കൂറിന്റെ വീടിന് മുന്നിൽ നിന്നവർ തലതാഴ്ത്തുക. ഞാൻ ഇഷ്ടമുള്ളിടത്തോക്കെ പോകും. നിങ്ങളോട് പറയേണ്ടതില്ല. നിങ്ങൾ ആരാണ്. പാലക്കാടെ ഏത് വീട്ടിലും എനിക്ക് പോകാം'', എന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്. ഇതിനെതിരെ മാധ്യമങ്ങൾ പ്രതികരിച്ചതോടെ പരാമർശം ആവർത്തിച്ചിരുന്നു. ഇനിയും പറയും എന്നും എൻ എൻ കൃഷ്ണദാസ് പ്രതികരിച്ചു. സിപിഐഎം വിടുകയാണെന്ന് പറഞ്ഞ അബ്ദുൾ ഷുക്കൂറിനെ അനുനയിപ്പിച്ച് കൺവെൻഷനിൽ കൊണ്ടുവന്നതിന് പിന്നാലെയായിരുന്നു കൃഷ്ണദാസിന്റെ പരാമർശം.
content highlights: CPIM leader NN Krishnadas said that he stands by the insulting remarks against the media