മുരളീധരനെ ആവശ്യപ്പെട്ടിരുന്നു; കത്ത് നൽകിയത് സ്ഥാനാർത്ഥി നിർണയത്തിന് മുമ്പെന്ന് ഡിസിസി പ്രസിഡൻറ്

എഐസിസിയും കെപിസിസിയും എടുത്ത തീരുമാനം നെഞ്ചേറ്റുമെന്ന് തങ്കപ്പന്‍

dot image

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ ആവശ്യപ്പെട്ടിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍. കത്ത് നല്‍കിയത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുമ്പാണെന്നും നിലവില്‍ കത്തിന് പ്രസക്തി ഇല്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. പലരെയും ആവശ്യപ്പെട്ടെന്നും എന്നാല്‍ പാര്‍ട്ടി പറഞ്ഞാല്‍ അതാണ് സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം വ്യക്തമാക്കി.

'കെ മുരളീധരനെ പോലെ ശക്തനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. പുറത്ത് വന്ന കത്ത് അടഞ്ഞ അദ്ധ്യായം. സംഘടനയില്‍ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി പ്രഖ്യാപിച്ചു. തീരുമാനത്തിന് ഒപ്പം നില്‍ക്കും. എഐസിസിയും കെപിസിസിയും എടുത്ത തീരുമാനം നെഞ്ചേറ്റും', എ തങ്കപ്പന്‍ പറഞ്ഞു.

അതേസമയം തന്റെ പേര് ഡിസിസി നിര്‍ദേശിച്ചത് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും പ്രതികരിച്ചു. പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാകുന്ന ഒരു പ്രവര്‍ത്തിയും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് മുരളീധരന്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. കൂടുതല്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധമാറുമെന്നും മുരളീധരന്‍ പറഞ്ഞു.

പാലക്കാട് ഇപ്പോള്‍ ആരെ നിര്‍ത്തിയാലും കോണ്‍ഗ്രസ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുപക്ഷേ ബിജെപി കയറി വന്നിരുന്നെങ്കില്‍ തന്നെ പരിഗണിച്ചേനെയെന്നും ഇപ്പോള്‍ എന്തായാലും ആ സാഹചര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പാലക്കാടേക്ക് ഇല്ലെന്നും പ്രചാരണത്തിന് ആരും ക്ഷണിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാന്‍ കെ മുരളീധരനാണ് മറ്റാരേക്കാളും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെന്നാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ദേശീയ നേതൃത്വത്തിന് അയച്ച കത്തിലുള്ളത്. ഒക്ടോബര്‍ പത്തിനാണ് കത്ത് അയച്ചിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്കാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ കത്തയച്ചിരിക്കുന്നത്.

കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എന്തുവിലകൊടുത്തും ബിജെപിയെ പരാജയപ്പെടുത്തേണ്ടതുണ്ട്. അത്തരമൊരു നിര്‍ണ്ണായക സാഹചര്യത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം ഉള്‍പ്പെടെ വിലയിരുത്തുമ്പോള്‍ കെ മുരളീധരനാണ് മണ്ഡലത്തില്‍ മത്സരിക്കാന്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥി. സിപിഐഎം അനുഭാവികളുടേത് അടക്കം എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള വോട്ടുകള്‍ ഏകീകരിക്കാന്‍ കെ മുരളീധരന് കഴിയും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കത്തില്‍ പറയുന്നു.

Content Highlights: DCC President A Thankappan reacts on letter send to national Leader over Palakkad candidate

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us