ഒരു പൊതുപ്രവർത്തകനും പറയേണ്ട വാക്കുകളല്ല, കൃഷ്ണദാസ് മാപ്പ് പറയണം: കെ മുരളീധരൻ

ഇങ്ങനെയുള്ള വാക്കുകൾ പറഞ്ഞാൽ പൊതുജനം വെറുക്കും, അത് കൃഷ്ണദാസിന് അറിയാമെന്നും കെ മുരളീധരൻ

dot image

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരായ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസിൻറെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഒരു പൊതുപ്രവർത്തകനും പറയേണ്ട വാക്കുകളല്ല അതെന്നും അദ്ദേഹം മാപ്പ് പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ പാർട്ടി മാപ്പുപറയണം. കൃഷ്ണദാസ് നാലുതവണ ജനപ്രതിനിധിയായി ഇരുന്ന വ്യക്തിയാണ്. 2016-ൽ കൃഷ്ണദാസ് നിന്നപ്പോഴാണ് എൽഡിഎഫ് മൂന്നാമത് പോയത്. എൽഡിഎഫിനെ മൂന്നാമത് നിർത്തണമെന്നുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹമാണോ മാധ്യമങ്ങളെ ചീത്തവിളിച്ചതെന്ന് സംശയിക്കുന്നു. ഇങ്ങനെയുള്ള വാക്കുകൾ പറഞ്ഞാൽ പൊതുജനം വെറുക്കും. അത് കൃഷ്ണദാസിന് അറിയാമെന്നും മുരളീധരന്‍ പറഞ്ഞു.

കൃഷ്ണദാസിന്റെ വാക്കുകൾ മാധ്യമങ്ങൾക്കെതിരാണെന്ന് താൻ കരുതുന്നില്ല. ഇത് സരിന് പാര വെച്ചതാണോ എന്നതാണ് തന്റെ സംശയമെന്നും അദ്ദേഹം പരിഹസിച്ചു. സർക്കാരിനെതിരെയും രൂക്ഷ വിമർശനമാണ് കെ മുരളീധരൻ നടത്തിയത്. പൂരം കലക്കി തൃശൂർ പാർലമെന്റ് ബിജെപിക്ക് വിട്ട് കൊടുത്തപ്പോൾ കരുവന്നൂർ ആവിയായിപ്പോയെന്നും പൊങ്കാല കലക്കി നേമം ബാങ്ക് തട്ടിപ്പ് ആവിയായാക്കിയെന്നും മുരളീധരൻ വിമർശിച്ചു.

തിരുവനന്തപുരം ബിജെപിക്ക് കൊടുക്കുമോയെന്നാണ് ഭയം. മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി തട്ടിപ്പ് നടത്തുന്നവർക്ക് എത്രകാലം വേണമെങ്കിലും ഒളിവിൽ കഴിയാം. തട്ടിപ്പ് നടത്തിയ പ്രാദേശിക നേതാക്കളെ കാണാനില്ല. പി പി ദിവ്യയെ പത്തുദിവസമായി കാണാനില്ല. പി കൃഷ്ണപിള്ളയുടെ കമ്മ്യൂണസമൊക്കെ പോയി. ഇപ്പോൾ നടക്കുന്നത് പിണറായിസമാണ്. പിണറായി സർക്കാർ ഒപ്പമുണ്ട് എന്നാണ് പറയുന്നത്.

സിദ്ധിഖിനെ പോലെ വിരുദ്ധ ആഹാരം കഴിക്കുന്നവർക്കൊപ്പവും പി ശശിക്കൊപ്പവുമാണ് പിണറായി സർക്കാർ ഉള്ളത്. നേമം സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. നിക്ഷേപകരുടെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ ഈ പ്രദേശത്തെ സഖാക്കൾ പുറത്തിറങ്ങി നടക്കില്ല. സംസ്ഥാന സഹകരണ ബാങ്കിനെ കേരള ബാങ്കാക്കി. എല്ലാം റിസർവ് ബാങ്കിൻ്റെ കീഴിലായി. നിക്ഷേപകരെ സഹായിക്കാൻ കഴിയാത്ത സ്ഥിതിയായി. മറ്റു ബാങ്കുകളോട് മത്സരിക്കാനല്ല സഹകരണ ബാങ്കുകൾ സ്ഥാപിച്ചത്. സാധാരണക്കാർക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

തോമസ് കെ തോമസുമായി ബന്ധപ്പെട്ട ആരോപണത്തിൽ അടിയന്തരമായി വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട മുരളീധരൻ കേരളത്തിൻറെ ക്രെഡിബിലിറ്റിയെ ബാധിക്കുന്ന പ്രശ്നമാണിതെന്നും പറഞ്ഞു. മുഖ്യമന്ത്രി ഒരു വാക്കും ഇക്കാര്യത്തിൽ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിനെതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിലും കെ മുരളീധരൻ പ്രതികരിച്ചു. 'അദ്ദേഹത്തിന് ഇഷ്ടമുള്ളത് പറയാം. ഞങ്ങളെപ്പറ്റി പറഞ്ഞാൽ ആരും ഒന്നും തിരിച്ചു പറയില്ലല്ലോ. സിപിഐഎമ്മിനെ പറ്റി പറഞ്ഞാൽ വിവരമറിയും. അതുകൊണ്ട് ഞങ്ങളെ പറ്റി പറയുന്നു. അതിനെ ആ രീതിയിലേ ഞങ്ങൾ കാണുന്നുള്ളൂ. വെള്ളാപ്പള്ളി നടേശൻ എന്തുപറഞ്ഞാലും തിരഞ്ഞെടുപ്പിൽ ഞങ്ങളെ ബാധിക്കില്ല. അദ്ദേഹം ഇതുവരെ ഞങ്ങൾക്ക് പിന്തുണ തന്നിട്ടില്ലല്ലോ'', അദ്ദേഹം പറഞ്ഞു.

ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെയാണ് കോൺഗ്രസെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം. കോൺഗ്രസിനെ പറ്റി ഒന്നും പറയാനില്ലെന്നും ചത്ത കുതിരയെ പറ്റി എന്തിനാണ് പറയുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. പാലക്കാട് എൽഡിഎഫ് സ്ഥാനാർത്തി പി സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം.

content highlights: k muraleedharan against nn krishnadas

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us