കിട്ടാത്തത് ആഗ്രഹിച്ചിട്ട് കാര്യമില്ല; ഡിസിസി തന്നെ നിർദേശിച്ചതിൽ സന്തോഷം, ചർച്ച ചെയ്യേണ്ടതില്ലെന്ന് മുരളീധരൻ

പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാകുന്ന ഒരു പ്രവര്‍ത്തിയും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് മുരളീധരന്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു

dot image

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡിസിസി തന്റെ പേര് നിര്‍ദേശിച്ചത് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാര്‍ട്ടിയ്ക്ക് ക്ഷീണമുണ്ടാകുന്ന ഒരു പ്രവര്‍ത്തിയും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് മുരളീധരന്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു. കൂടുതല്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധമാറുമെന്നും മുരളീധരന്‍ പറഞ്ഞു.

Congress leader K Muraleedaran
കെ മുരളീധരൻ

'ബാക്കി പറയാനുള്ളത് 13ന് ശേഷം പറയും. കിട്ടാത്തത് ആഗ്രഹിച്ചിട്ട് കാര്യമില്ല. ഇനി നിയമസഭയിലേക്ക് ഇല്ല. പുതിയ ആള്‍ക്കാര്‍ നിയമസഭയില്‍ നില്‍ക്കട്ടെ. നാലര വര്‍ഷത്തിന് ശേഷമുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് വരട്ടെ. അപ്പോള്‍ നോക്കാം. ഡിസിസി നേതൃത്വം തന്റെ പേര് നിര്‍ദ്ദേശിച്ചതില്‍ സന്തോഷമുണ്ട്. എംഎല്‍എയും മന്ത്രിയുമാക്കുന്നതിനേക്കാള്‍ സന്തോഷമുണ്ട്. കേരളത്തില്‍ എല്ലായിടത്തും തന്നെ സ്വീകരിക്കുന്നുണ്ടെന്നതില്‍ സന്തോഷം', മുരളീധരന്‍ പറഞ്ഞു.

പാലക്കാട് ഇപ്പോള്‍ ആരെ നിര്‍ത്തിയാലും കോണ്‍ഗ്രസ് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുപക്ഷേ ബിജെപി കയറി വന്നിരുന്നെങ്കില്‍ തന്നെ പരിഗണിച്ചേനെയെന്നും ഇപ്പോള്‍ എന്തായാലും ആ സാഹചര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പാലക്കാടേക്ക് ഇല്ലെന്നും പ്രചാരണത്തിന് ആരും ക്ഷണിച്ചിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാന്‍ കെ മുരളീധരനാണ് മറ്റാരേക്കാളും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെന്നാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ദേശീയ നേതൃത്വത്തിന് അയച്ച കത്തിലുള്ളത്. ഒക്ടോബര്‍ പത്തിനാണ് കത്ത് അയച്ചിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്കാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ കത്തയച്ചിരിക്കുന്നത്.

കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എന്തുവിലകൊടുത്തും ബിജെപിയെ പരാജയപ്പെടുത്തേണ്ടതുണ്ട്. അത്തരമൊരു നിര്‍ണ്ണായക സാഹചര്യത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം ഉള്‍പ്പെടെ വിലയിരുത്തുമ്പോള്‍ കെ മുരളീധരനാണ് മണ്ഡലത്തില്‍ മത്സരിക്കാന്‍ അനുയോജ്യനായ സ്ഥാനാര്‍ത്ഥി. സിപിഐഎം അനുഭാവികളുടേത് അടക്കം എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള വോട്ടുകള്‍ ഏകീകരിക്കാന്‍ കെ മുരളീധരന് കഴിയും എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കത്തില്‍ പറയുന്നു.

Content Highlights: K Muraleedharan reaction on DCC letter to national Leaders on Palakkad Candidate

dot image
To advertise here,contact us
dot image