കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർക്കെതിരെ ഭീഷണിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാർട്ടി തോറ്റാൽ ഈ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ലെന്നും എവിടെ നിന്നാണ് ശൂലം വരികയെന്ന് പറയാൻ കഴിയില്ലെന്നും സുധാകരൻ ഭീഷണിപ്പെടുത്തി.
തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുമ്പോളായിരുന്നു സുധാകരന്റെ ഭീഷണി. വിമതരെ മോശമായ വാക്കുകളുപയോഗിച്ചാണ് സുധാകരൻ വിശേഷിപ്പിച്ചത്. പാർട്ടിയെ ഒറ്റുകൊടുത്ത് ബാങ്കിനെ സിപിഐഎമ്മിന് തീറെഴുതികൊടുക്കാൻ ശ്രമിക്കുന്നവർ ഒന്നോർക്കണം, തിരഞ്ഞെടുപ്പിൽ പാർട്ടി തോറ്റാൽ ഈ പ്രദേശത്ത് നിങ്ങളെ ജീവിക്കാൻ അനുവദിക്കില്ലെന്നും, എവിടെ നിന്നാണ് ശൂലം വരിക എന്ന് പറയാൻ പറ്റില്ലെന്നും സുധാകരൻ പറഞ്ഞു. അതുകൊണ്ട് തടി വേണോ ജീവൻ വേണോ എന്ന് ഓർക്കണമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകുന്നു.
സഹകരണ ബാങ്കുകളെ ചില കോൺഗ്രസുകാർ ജീവിക്കാനുള്ള മാർഗമായി മാറ്റുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. പാർട്ടി പ്രവർത്തകർക്ക് ജോലി കൊടുക്കാതെ, ഇടതുപക്ഷക്കാരനും ബിജെപിക്കാരനും ജോലി നൽകുകയാണ് ചിലർ. കണ്ണൂരിലെ സഹകരണ ബാങ്കുകൾ പിടിച്ചെടുത്തത് പോലെ എതിർക്കേണ്ടിടത്ത് എതിർക്കണമെന്നും, അടിക്കേണ്ടിടത്ത് അടിക്കണമെന്നും പറഞ്ഞ സുധാകരൻ ചില സന്ദർഭങ്ങളിൽ ഗാന്ധിസം പറഞ്ഞിട്ടൊന്നും കാര്യമില്ലെന്നും കൂട്ടിച്ചേർത്തു.
Content Highlights: K Sudhakarans threat to congress rebels