കൊച്ചി: മന്ത്രിസ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട് വനംമന്ത്രി എ കെ ശശീന്ദ്രന് അന്ത്യശാസനം നൽകി എൻസിപി. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാജിവയ്ക്കണമെന്നും ദേശീയ അധ്യക്ഷന്റെ നിലപാട് അന്തിമമെന്നും പി സി ചാക്കോ മുന്നറിയിപ്പ് നൽകി.
എറണാകുളത്ത് ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ നിലപാട് കടുപ്പിച്ചത്. മുഴുവൻ ജില്ലാ ഭാരവാഹികളും പ്രധാനപ്പെട്ട നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് ശശീന്ദ്രന് നേരെ അന്ത്യശാസനം ഉയർന്നുവന്നത്. ശരദ് പവാറിന്റെ നിലപാട് അന്തിമമെന്ന് പറഞ്ഞ പി സി ചാക്കോ പകരം മന്ത്രിസ്ഥാനം അനുവദിച്ചില്ലെങ്കിലും ശശീന്ദ്രൻ രാജിവയ്ക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്.
ഈ സംഭവങ്ങൾ എൻസിപിയുടെ പിളർപ്പിലേക്ക് എത്തിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നിലവിൽത്തന്നെ പാർട്ടി എ കെ ശശീന്ദ്രൻ വിഭാഗവും, പി സി ചാക്കോ വിഭാഗവും രണ്ട് തട്ടിലാണ്. അതിനിടയിലാണ് മന്ത്രിസ്ഥാനം ഇല്ലാതിരുന്നാലും കുഴപ്പമില്ല, ശശീന്ദ്രൻ രാജിവെച്ചേ മതിയാകൂ എന്ന കടുത്ത തീരുമാനം പി സി ചാക്കോ എടുക്കുന്നത്.
അതേസമയം, ഒരുവശത്ത് പി സി ചാക്കോ നിലപാട് കടുപ്പിക്കുന്നതിനിടെ, മറുവശത്ത് കാര്യങ്ങൾ വലിഞ്ഞുമുറുകുന്നുമുണ്ട്. കൂറുമാറുന്നതിനായി എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് തോമസ് കെ തോമസ് കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തിൽ സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കായുടെ മൗനത്തില്‍ എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്തെത്തി. മന്ത്രിമാറ്റത്തില്‍ ഉത്സാഹം കാണിക്കുന്ന പി സി ചാക്കോ കോഴ വാഗ്ദാനം അറിഞ്ഞില്ലെന്ന് നടിക്കുന്നുവെന്നാണ് വിമര്‍ശനം. എന്‍സിപി സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ കോഴ വാഗ്ദാനം ചര്‍ച്ചയായി.
പാര്‍ട്ടിയിലെ ശശീന്ദ്രന്‍ പക്ഷം ഈ വിഷയത്തില്‍ സൂക്ഷിച്ചാണ് ചുവടുവയ്ക്കുന്നത്. തോമസ് കെ തോമസും ആന്റണി രാജുവും തമ്മിലുള്ള നേര്‍ക്കുനേര്‍ യുദ്ധത്തില്‍ ഇടയ്ക്ക് നില്‍ക്കേണ്ടതില്ല എന്നതാണ് ശശീന്ദ്രന്‍ പക്ഷത്തിന്റെ നിലപാട്. തോമസ് കെ തോമസ് അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും.
Content Highlights: PC Chacko warns AK Saseendran to step down soon