കോഴിക്കോട്: സിപിഐഎം നേതാവ് പി ജയരാജന്റെ പുസ്തകപ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 'കേരളം: മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം' എന്ന പുസ്തകം മുഖ്യമന്ത്രി മുതിര്‍ന്ന സിപിഐഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, കെ ടി ജലീല്‍ എംഎല്‍എ, ടി കെ ഹംസ തുടങ്ങി നിരവധി നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.
പുസ്തകത്തിലെ ഉള്ളടക്കം പി ജയരാജന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുസ്തകം പൂര്‍ണമായി വായിക്കാന്‍ കഴിഞ്ഞില്ലെന്നും ഓടിച്ചു നോക്കിയിട്ടേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സന്തോഷത്തോടെ പുസ്തകം പ്രകാശനം നിര്‍വഹിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഓരോ രചയിതാവിനും അഭിപ്രായം ഉണ്ടാകും. ആ അഭിപ്രായം ഉള്ളവരെ പ്രകാശനം ചെയ്യാവൂ എന്നാണ്. പുസ്തകത്തിലെ എല്ലാ പരാമര്‍ശങ്ങളും ഞാന്‍ പങ്കുവെക്കുന്നതില്‍ അര്‍ത്ഥമില്ല. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിപ്പിക്കുന്ന കാര്യങ്ങളോട് യോജിപ്പ്. അല്ലാത്ത അഭിപ്രായങ്ങള്‍ ജയരാജന്റെ വ്യക്തിപരമായ അഭിപ്രായമായി കണ്ടാല്‍ മതി. ജയരാജന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകളെ അങ്ങനെ കണ്ടാല്‍ മതി', പിണറായി വിജയന്‍ പറഞ്ഞു.
മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ ഇടപെടലുകളുടെ ചരിത്രവും ജയരാജന്‍ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. വെറുതെ പോരാട്ടങ്ങളെ പരാമര്‍ശിച്ചു പോവുകയില്ലയെന്നും അദ്ദേഹം പറഞ്ഞു.
'മലബാര്‍ കലാപം മാപ്പിള ലഹളയല്ല. ജന്മിത്വത്തിന്റെ സാമ്രാജ്യത്യത്തിനെതിരെയുള്ള പോരാട്ടമാണത്. ഖിലാഫത്തിന്റെ ഭാഗമായാണ് മാപ്പിള കുടിയാന്മാര്‍ അധികം വന്നത്. കോണ്‍ഗ്രസിന്റെ വീഴ്ചകളും എടുത്തു പറയുന്നുണ്ട്. വാഗണ്‍ ട്രാജഡിയുടെ വിശദാംശങ്ങള്‍ പുസ്തകത്തിലുണ്ട്. പൗരത്വ പ്രശ്‌നവും കൃതി ചര്‍ച്ച ചെയ്യുന്നു. മുസ്‌ലിം സമൂഹം നേരിടുന്ന വിഷയങ്ങളിലേക്ക് ജയരാജന്റെ പുസ്തകം വിരല്‍ചൂണ്ടുന്നു. വിദ്യാഭ്യാസമേഖലയിലെ ശോചനീയാവസ്ഥ ചര്‍ച്ച ചെയ്യുന്നുണ്ട്. അത് എങ്ങനെ പരിഹരിക്കപ്പെട്ടു എന്നും പുസ്തകം പറയുന്നുണ്ട്. ദേശീയ മുസ്‌ലിങ്ങള്‍, മുസ്‌ലിം ലീഗ്, കമ്യൂണിസ്റ്റ് ഇങ്ങനെ മൂന്നായി തന്നെ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. ലീഗിനോടുള്ള കോണ്‍ഗ്രസ് സമീപനങ്ങളിലെ മാറ്റങ്ങളും പുസ്തകത്തില്‍ പറയുന്നുണ്ട്. നെഹ്റു ലീഗിനെ ചത്ത കുതിര എന്ന് പറഞ്ഞതും പുസ്തകത്തില്‍ പറയുന്നുണ്ട്. വര്‍ത്തമാന കാല രാഷ്ട്രീയ വിഷയങ്ങളില്‍ വ്യക്തത വരുത്തട്ടെ', അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഉയര്‍ന്ന ചിന്താഗതിക്കാരുടെ പാര്‍ട്ടി ആയിരുന്നുവെന്നും ലീഗിനോടുള്ള എതിര്‍പ്പ് മുസ്‌ലിം എതിര്‍പ്പായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുമഹാ സഭ കേരളഘടകം രൂപീകരിക്കാന്‍ വന്നപ്പോള്‍ വലതു പക്ഷം പിന്തുണച്ചു. മാതൃഭൂമി അതിനൊപ്പം നിന്നു. പത്രങ്ങളുടെ നിഷ്പക്ഷത ചര്‍ച്ചയാവുമ്പോള്‍ ഇതും ചര്‍ച്ചയാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Content Highlights: Pinarayi Vijayan launched P Jayarajan s book