പാലക്കാട്: ശോഭാ സുരേന്ദ്രൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തില്ലെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രചാരണത്തിന്റെ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ കൂടുതൽ നേതാക്കൾ എത്തുമെന്നും ശോഭാ സുരേന്ദ്രനും അപ്പോൾ ഉണ്ടാകുമെന്നും സുരേന്ദ്രൻ റിപ്പോർട്ടറിനോട് പറഞ്ഞു.
തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയായി തന്റെ പേരും ഉയർന്നുവന്നിരുന്നോ എന്ന ചോദ്യത്തിന് പാർട്ടി നിരവധി പേരുകൾ ചർച്ച ചെയ്‌തെന്നും അങ്ങനെ സമവായത്തിലെത്തിയ പേരാണ് കൃഷ്ണകുമാറിന്റേതെന്നും സുരേന്ദ്രൻ പറഞ്ഞു. എൽഡിഎഫ്, യുഡിഎഫ് മുന്നണികളുടെ സ്ഥാനാർത്ഥികൾ പാലക്കാടിന് പുറത്തുള്ളവരാണ്. ടിവിയിൽ അല്ലാതെ ജനങ്ങൾക്ക് അവരെ കണ്ടുപരിചയമില്ല. പക്ഷെ കൃഷ്ണകുമാർ അങ്ങനെയല്ലെന്നും നിരവധി വർഷമായി പാലക്കാട് ശക്തമായി പാർട്ടി പ്രവർത്തനം നടത്തിവരുന്ന ആളായതിനാൽ വലിയ ജനപിന്തുണ ഉണ്ടെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. നാടിനെ അറിയുന്ന സ്ഥാനാർഥി ബിജെപിക്ക് ഗുണകരമാകുമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
അതേസമയം, ഉപതിരഞ്ഞെടുപ്പ് അടുത്തുവന്നതോടെ പാലക്കാട് സിപിഐഎമ്മിലെ പൊട്ടിത്തെറി പ്രതിസന്ധിയായിരിക്കുകയാണ്. പാലക്കാട് ഏരിയ കമ്മറ്റി അംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടു. ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും പാർട്ടിയിൽ കടുത്ത അവഗണനയാണെന്നും അബ്ദുൾ ഷുക്കൂർ ആരോപിച്ചു.
ആത്മാർത്ഥമായി പ്രവർത്തിച്ച ആളാണ് താൻ. ഒരു ചവിട്ടിത്താഴ്ത്തൽ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉണ്ടായി. അത് സഹിക്കാനായില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അബ്ദുൽ ഷുക്കൂർ റിപ്പോർട്ടറിനോട് പറഞ്ഞു.
തിരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ല. സമാന അനുഭവസ്ഥർ പാർട്ടിയിൽ വേറെയുമുണ്ട്. പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമായിരുന്നു ഷുക്കൂർ. പത്തുനാൽപ്പതുപേർ ഇരിക്കുന്ന ഒരു യോഗത്തിൽവെച്ച് തന്നെ അവഹേളിച്ചുവെന്നും ഇങ്ങനെ സഹിച്ചു നിൽക്കാൻ ആവാത്തതിനാൽ ഇന്നലയോടെ പാർട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനപ്പിച്ചുവെന്നും അബ്ദുൾ ഷുക്കൂർ വ്യക്തമാക്കി.
Content Highlights: Surendran rolls out allegations that Sobha Surendran wont come to Palakkad