കോട്ടയം: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെയാണ് കോണ്‍ഗ്രസെന്നാണ് വെള്ളാപ്പള്ളി പരിഹസിച്ചത്. കോണ്‍ഗ്രസിനെ പറ്റി ഒന്നും പറയാനില്ലെന്നും ചത്ത കുതിരയെ പറ്റി എന്തിനാണ് പറയുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു. പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്തി പി സരിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രതികരണം.
സരിനെ ആദ്യമായാണ് കാണുന്നതെന്നും സ്ഥാനാര്‍ത്ഥി മിടുക്കനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പാലക്കാട് ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. തുടര്‍ന്നായിരുന്നു കോണ്‍ഗ്രസിനെതിരായ വിമര്‍ശനം.
'കോണ്‍ഗ്രസിനെ പറ്റി ഒന്നും പറയാനില്ല. ചത്തകുതിരയെ പറ്റി എന്തിനാണ് പറയുന്നത്. അഞ്ച് പേരാണ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാകാന്‍ നില്‍ക്കുന്നത്. എന്നെ ഒതുക്കാനും ജയിലില്‍ ആക്കാനും നടന്നത് കോണ്‍ഗ്രസാണ്. സാമൂഹ്യനീതിയെ കുറിച്ച് പറഞ്ഞപ്പോള്‍ ജയിലില്‍ ആക്കാന്‍ ശ്രമിച്ചു. അതുകൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ല.
കോണ്‍ഗ്രസ് ആരെയാണ് അക്കോമഡേറ്റ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയി പോകുന്നു. അടുത്ത തവണ എല്‍ഡിഎഫ് തന്നെ ഭരണത്തില്‍ വരുമെന്ന് പൂര്‍ണമായും വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ത്രികൊണ മത്സരത്തിന്റെ ശക്തിയില്‍ പ്രയോജനം കിട്ടുന്നത് ഇടതുപക്ഷത്തിന് ആയിരിക്കും.
വി ഡി സതീശന്‍ തന്നെ കോണ്‍ഗ്രസിനെ നശിപ്പിക്കുകയാണ്. കെപിസിസി പ്രസിഡന്റ് എന്തുപറയുന്നോ അതിനെതിരെ അദ്ദേഹം അടുത്ത ദിവസം പറഞ്ഞിരിക്കും. പരസ്പരം തിരിഞ്ഞു നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിനകത്ത് നടക്കുന്നത്. പിന്നെ എങ്ങനെ നന്നാകാന്‍ ആണ്', വെള്ളാപ്പള്ളി ചോദിച്ചു.
താന്‍ പ്രചാരണത്തിനായല്ല വെള്ളാപ്പള്ളിയെ കാണാന്‍ വന്നതെന്ന് സരിന്‍ പ്രതികരിച്ചു. വെള്ളാപ്പള്ളിയെ കണ്ട് ഇന്നത്തെ ദിവസം തുടങ്ങണം എന്ന് കരുതി വന്നതാണെന്നും പി സരിന്‍ പറഞ്ഞു. വെള്ളാപ്പള്ളി പറയുന്ന വാക്കുകള്‍ കേള്‍ക്കണം എന്ന് കരുതി. നല്ല മാറ്റത്തിന് വേണ്ടി കാത്തിരിക്കുന്ന മനുഷ്യനാണെന്ന് സംസാരത്തില്‍ തോന്നിയെന്നു സരിന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Vellappally Natesan Criticizing Congress And VD Satheesan