കത്തിൽ വെട്ടിലായി; കോൺഗ്രസിൽ ആശയക്കുഴപ്പം, ആയുധമാക്കാൻ എൽഡിഎഫും എൻഡിഎയും

കെ മുരളീധരനെ പിന്തുണച്ച ഡിസിസി നേതൃത്വം രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു

dot image

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കെ മുരളീധരൻ്റെ പേര് നിർദ്ദേശിച്ച് ഡിസിസി പ്രസിഡന്റ് എഐസിസിക്ക് നൽകിയ കത്ത് പുറത്ത് വന്നതോടെ കോൺഗ്രസിൽ ആശയക്കുഴപ്പം. കെ മുരളീധരനെ പിന്തുണച്ച ഡിസിസി നേതൃത്വം രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു. കത്ത് പുറത്ത് വന്നതോടെ ഇത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ കത്ത് ചർച്ചയാകുന്നത് തിരിച്ചടിയാകുമോ എന്നാണ് നേതൃത്വത്തിൻ്റെ ആശങ്ക.

അതേസമയം, ഡിസിസി പ്രസിഡന്റിന്റെ കത്ത് ആയുധമാക്കാനാണ് എൽഡിഎഫിന്റെയും എൻഡിഎയുടെയും തീരുമാനം. കെ മുരളീധരനെ വഞ്ചിച്ചെന്ന് ഇരുമുന്നണികളും ഇതിനോടകം ആരോപണം ഉന്നയിച്ചു കഴിഞ്ഞു. കെ കരുണാകരന്റെ കുടുംബത്തെ അപമാനിച്ച രാഹുലിനെ സ്ഥാനാർത്ഥിയാക്കിയത് മുരളീധരനെ പൂർണ്ണമായും വഞ്ചിച്ചതിന്റെ തെളിവാണെന്നാണ് ബിജെപി, സിപിഐഎം നേതൃത്വത്തിന്റെ പ്രതികരണം. ഡിസിസി അധ്യക്ഷന്റെ കത്ത് തുടർ ദിവസങ്ങളിൽ പാലക്കാട് പ്രധാന ചർച്ചാ വിഷയമാകും.

ജില്ലാ കോൺഗ്രസ് കമ്മിറ്റി കോൺഗ്രസ് നേതൃത്വത്തിന് അയച്ച കത്ത് റിപ്പോർട്ടറിന് ലഭിച്ചിരുന്നു. പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാൻ കെ മുരളീധരനാണ് മറ്റാരേക്കാളും അനുയോജ്യനായ സ്ഥാനാർത്ഥിയെന്നായിരുന്നു കത്തിലുണ്ടായിരുന്നത്.

ഒക്ടോബർ പത്തിനാണ് കത്ത് അയച്ചിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്കാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ കത്തയച്ചിരിക്കുന്നത്.

കേരളത്തിൽ ബിജെപിയുടെ വളർച്ച തടയാൻ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എന്തുവിലകൊടുത്തും ബിജെപിയെ പരാജയപ്പെടുത്തേണ്ടതുണ്ട്.

അത്തരമൊരു നിർണ്ണായക സാഹചര്യത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം ഉൾപ്പെടെ വിലയിരുത്തുമ്പോൾ കെ മുരളീധരനാണ് മണ്ഡലത്തിൽ മത്സരിക്കാൻ അനുയോജ്യനായ സ്ഥാനാർത്ഥി. സിപിഐഎമ്മിലെ സഹതാപ വോട്ട് അടക്കം എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള വോട്ടുകളും ഏകീകരിക്കാൻ കെ മുരളീധരന് കഴിയും എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കത്തിൽ പറയുന്നുണ്ട്.

മണ്ഡലത്തിലെ എല്ലാ വിഭാഗം വോട്ടർമാരുടെയും സമൂഹത്തിന്റെയും അടിത്തട്ടിലെ കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകരുടേയും സ്പന്ദനവും അഭിപ്രായവും പഠിച്ചാണ് തങ്ങൾ കെ മുരളീധരന്റെ പേര് നിർദേശിക്കുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നു.

content highlights: Confusion in Congress after DCC President's letter to AICC suggesting K Muralidharan's name at palakkad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us