കത്തിന് ആധികാരികതയില്ല; പഴയൊരു ലെറ്റർ കൊണ്ടുവന്നിട്ട് ഇപ്പോൾ എന്താണ് കാര്യമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

ഇപ്പോൾ ഒറ്റക്കെട്ടായാണ് എല്ലാവരും മുന്നോട്ട് പോകുന്നതെന്നും പഴയൊരു ലെറ്റർ കൊണ്ടുവന്നിട്ട് ഇപ്പോൾ എന്താണ് കാര്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു

dot image

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പലരേയും ആവശ്യപ്പെട്ടുള്ള കത്ത് പോയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന കത്തിൽ ആധികാരികതയില്ലെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. ഡിസിസി ആവശ്യപ്പെട്ട ലിസ്റ്റിൽ വി ടി ബൽറാമും കെ മുരളീധരനുമൊക്കെയുണ്ട്. ഇപ്പോൾ ഒറ്റക്കെട്ടായാണ് എല്ലാവരും മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കത്ത് പുറത്തുവന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നുമില്ല. നാഥനില്ലാത്ത കത്ത് അവഗണിക്കേണ്ടതാണ്. ആർക്ക് വേണമെങ്കിലും കത്ത് തയ്യാറാക്കാമല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സരിൻ ഇപ്പോൾ ഞങ്ങളെ കുറ്റം പറയുകയാണ്. എപ്പോൾ വേണമെങ്കിലും സിപിഐഎമ്മിനെയും കുറ്റം പറയാമെന്നും എ തങ്കപ്പൻ വിമർശിച്ചു.

എ തങ്കപ്പന്‍റെ വാക്കുകൾ

ആധികാരികതയില്ലാത്ത കത്താണത്. ഡിസിസി ആവശ്യപ്പെട്ട ലിസ്റ്റിൽ വി ടി ബൽറാമും കെ മുരളീധരനും രാഹുൽ മാങ്കൂട്ടത്തിലുമുണ്ട്. അത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ആവശ്യമാണ്. ഇപ്പോൾ ഒറ്റക്കെട്ടായാണ് നമ്മൾ മുന്നോട്ട് പോകുന്നത്. പഴയൊരു ലെറ്റർ കൊണ്ടുവന്നിട്ട് ഇപ്പോൾ എന്താണ് കാര്യം? കത്ത് കൊണ്ട് ഒന്നും വരാൻ പോകുന്നില്ല. നാഥനില്ലാത്ത കത്ത് അവഗണിക്കേണ്ടതാണ്. ആർക്ക് വേണമെങ്കിലും കത്ത് തയ്യാറാക്കാം. ഞങ്ങൾ അറിയാതെ വന്ന സ്ഥാനാർത്ഥി അല്ല രാഹുൽ. സരിൻ ഞങ്ങളെ കുറ്റം പറയുകയാണ്. എപ്പോൾ വേണമെങ്കിലും ഇനി സിപിഐഎമ്മിനെയും സരിൻ കുറ്റം പറയും. ഒരു സംശയവും വേണ്ട, ഞങ്ങൾ ജയിക്കും. 23 വരെ സരിൻ സ്വപ്നവും കണ്ട് കിടക്കട്ടെ.

അതേസമയം, ഡിസിസി പ്രസിഡന്റിന്റെ കത്ത് ആയുധമാക്കാനാണ് എൽഡിഎഫിന്റെയും എൻഡിഎയുടെയും തീരുമാനം. കെ മുരളീധരനെ വഞ്ചിച്ചെന്ന് ഇരുമുന്നണികളും ഇതിനോടകം ആരോപണം ഉന്നയിച്ചു കഴിഞ്ഞു. കെ കരുണാകരന്റെ കുടുംബത്തെ അപമാനിച്ച രാഹുലിനെ സ്ഥാനാർത്ഥിയാക്കിയത് മുരളീധരനെ പൂർണ്ണമായും വഞ്ചിച്ചതിന്റെ തെളിവാണെന്നാണ് ബിജെപി, സിപിഐഎം നേതൃത്വത്തിന്റെ പ്രതികരണം. ഡിസിസി അധ്യക്ഷന്റെ കത്ത് തുടർ ദിവസങ്ങളിൽ പാലക്കാട് പ്രധാന ചർച്ചാ വിഷയമാകും.

ജില്ലാ കോൺഗ്രസ് കമ്മിറ്റി കോൺഗ്രസ് നേതൃത്വത്തിന് അയച്ച കത്ത് റിപ്പോർട്ടറിന് ലഭിച്ചിരുന്നു. പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാൻ കെ മുരളീധരനാണ് മറ്റാരേക്കാളും അനുയോജ്യനായ സ്ഥാനാർത്ഥിയെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. ഒക്ടോബർ പത്തിനാണ് കത്ത് അയച്ചിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർക്കാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ കത്തയച്ചിരിക്കുന്നത്.

content highlights: DCC President A Thankappan said that the letter is not authentic

dot image
To advertise here,contact us
dot image