സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ പിണറായി ശ്രമിക്കുന്നു; ജമാഅത്തെ ഇസ്ലാമി ഭീകര സംഘടനയല്ല: ഇ ടി മുഹമ്മദ് ബഷീർ

ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയവയെ വളർത്തുന്നത് മുസ്ലിം ലീഗ് ആണെന്നാണ് അദ്ദേഹത്തിൻറെ ആരോപണമെന്നും ഇത് തെറ്റാണെന്നും ഇ ടി പറഞ്ഞു

dot image

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിംലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ എം പി. സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ പിണറായി വിജയൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയവയെ വളർത്തുന്നത് മുസ്ലിം ലീഗ് ആണെന്നാണ് അദ്ദേഹത്തിൻറെ ആരോപണമെന്നും ഇത് തെറ്റാണെന്നും ഇ ടി പറഞ്ഞു. തങ്ങൾക്ക് എസ്ഡിപിഐയുമായി സഖ്യമില്ല. അതിനോട് വിയോജിക്കുന്നവരാണ്.

പിണറായിയുടെ പാർട്ടി ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുകളെല്ലാം നേടിയിട്ട് അവരിൽ ഭീകരത കണ്ടുപിടിച്ചത് വിചിത്രമാണെന്നും ലീഗ് നേതാവ് പറഞ്ഞു. പിഡിപിയെ കേരളത്തിൽ സഹായിച്ചതും വളർത്തിയതും സിപിഐഎമ്മാണ്. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം സിപിഐഎം നടത്തുന്നു എന്നതാണ് അവരുടെ അവകാശവാദം. ആ മുഖംമൂടികൾ അഴിഞ്ഞു വീഴുകയാണ്. ബിജെപിയുമായി പിണറായി വിജയന് അടുത്ത ബന്ധമുണ്ടെന്നും സിപിഐഎം വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഇ ടി മുഹമ്മദ് ബഷീർ ആരോപിച്ചു.

ഇ ടിയുടെ വാക്കുകൾ


തനിക്ക് പറ്റിയ അബദ്ധങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ചുമത്തുന്ന ചില ആരോപണങ്ങളാണിത്. ജമാഅത്തെ ഇസ്ലാമി എസ്ഡിപിഐ തുടങ്ങിയവയെ വളർത്തുന്നത് മുസ്ലിം ലീഗ് ആണെന്നാണ് അദ്ദേഹത്തിൻറെ ആരോപണം. ഇത് തികച്ചും തെറ്റാണ്. ഞങ്ങൾക്ക് എസ്ഡിപിഐയുമായി സഖ്യമില്ല. അതിനോട് വിയോജിക്കുന്നവരാണ് ഞങ്ങൾ. ജമാഅത്തെ ഇസ്ലാമിയുമായി കഴിഞ്ഞ തവണ ഞങ്ങൾക്ക് ബന്ധമുണ്ടായിരുന്നു. അത് ഒളിച്ചുവെച്ച കാര്യമൊന്നുമല്ല. മാർക്സിസ്റ്റ് പാർട്ടി എത്രയോ തിരഞ്ഞെടുപ്പിൽ ഇതിനുമുമ്പ് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയവരാണ്. മുസ്ലിംലീഗ് ഒരിക്കലും ജമാഅത്തെ ഇസ്ലാമിയെ ഒരു ഭീകര പ്രസ്ഥാനമായി കാണുന്നേയില്ല. അതുകൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പരസ്യമായിത്തന്നെ അവരുടെ സഹായം സ്വീകരിച്ചത്. എന്നാൽ പിണറായിയുടെ പാർട്ടി അവരുടെ വോട്ടുകളെല്ലാം നേടിയിട്ട് അവരിൽ ഭീകരത കണ്ടുപിടിച്ചത് വിചിത്രമാണ്. പിഡിപിയെ കേരളത്തിൽ സഹായിച്ചതും വളർത്തിയതും അവർ തന്നെയാണ്.

പിണറായി വിജയന് അടിക്കടി തെറ്റ് പറ്റുകയാണ്. ജാള്യത മറക്കാൻ ഓരോ സൂത്രവിദ്യകൾ കൊണ്ടുവരികയാണ്. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം സിപിഐഎം നടത്തുന്നു എന്നതാണ് അവരുടെ അവകാശവാദം. ആ മുഖംമൂടികൾ അഴിഞ്ഞു വീഴുകയാണ്. ബിജെപിയുമായി പിണറായി വിജയന് അടുത്ത ബന്ധമുണ്ട്. സിപിഐഎം വൃത്തികെട്ട രാഷ്ട്രീയമാണ് കളിക്കുന്നത്. ഓരോ ഘട്ടത്തിലും സിപിഐഎം താഴേക്ക് പോവുകയാണ്. സിപിഐഎം എടുക്കുന്ന സമീപനം കേന്ദ്രത്തിൽ ബിജെപി സ്വീകരിക്കുന്ന സമീപനത്തിന് സമാനമാണ്. കോളേജ്‌ യൂണിയൻ തിരഞ്ഞെടുപ്പിലെ ലീഗ് വിജയം യുവതലമുറ ലീഗിനെ സ്വീകരിക്കുന്നതിൻറെ തെളിവാണ്.

പുതിയ തലമുറയുടെ ആകർഷണ കേന്ദ്രമായി എംഎസ്എഫ് മാറുകയാണ്. സിപിഐഎമ്മിന്റെ കാല് വിറയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. അടിയിലെ മണ്ണ് ഒലിച്ചു പോകാൻ തുടങ്ങിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ തമ്മിൽ തെറ്റിപ്പിക്കാൻ നോക്കുകയാണ്. സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ പിണറായി വിജയൻ ശ്രമിക്കുന്നു. രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള അവസാന ശ്രമവും പരാജയപ്പെട്ടു. സിപിഐഎമ്മിന്റെയും, പിണറായുടെയും സോഫ്റ്റ് ലൈൻ ലീഗിന് ആവശ്യമില്ല.

content highlights: e t mohammed basheer against pinarayi vijayan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us