ചികിത്സാപ്പിഴവിന്റെ പേരിൽ നഴ്‌സുമാരെ അറസ്റ്റ് ചെയ്യരുത്; വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണമെന്ന് ഹൈക്കോടതി

നടപടികളുമായി മുന്നോട്ടുപോകുന്നതിന് മുൻപ് അന്വേഷണ ഉദ്യോഗസ്ഥൻ നിഷ്പക്ഷതയുള്ള വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണമെന്നും കോടതി നിർദേശിച്ചു

dot image

കൊച്ചി: ചികിത്സാ പിഴവ് ആരോപിച്ചുള്ള പരാതികളിൽ നഴ്സുമാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകരുതെന്ന് ഹൈക്കോടതി. നടപടികളുമായി മുന്നോട്ടുപോകുന്നതിന് മുൻപ് അന്വേഷണ ഉദ്യോഗസ്ഥൻ നിഷ്പക്ഷതയുള്ള വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണമെന്നും കോടതി നിർദേശിച്ചു. ഇക്കാര്യം വ്യക്തമാക്കി മൂന്നുമാസത്തിനുള്ളിൽ സർക്കാർ സർക്കുലർ പുറപ്പെടുവിക്കണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു.

ചേർത്തല താലൂക്ക് ആശുപത്രിയിലെ താത്‌കാലിക നഴ്‌സായിരുന്ന യുവതിയുടെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക്‌ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്. 2013-ൽ വയറിളക്കവും ഛർദിയും ബാധിച്ച് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുള്ള കുട്ടി മരിച്ച സംഭവത്തിലാണ് നഴ്സിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിക്ക്‌ ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായി എന്നായിരുന്നു പരാതി. എന്നാൽ കുട്ടിയുടെ മരണത്തിനിടയായ സംഭവത്തിൽ ആരുടെയെങ്കിലും ഭാഗത്ത് പിഴവുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുന്നതിന് ഉത്തരവ് തടസമല്ലെന്നും കോടതി വ്യക്തമാക്കി.

ഡോക്ടർമാർക്കെതിരെയുള്ള പരാതികളിൽ അന്വേഷണ ഉദ്യോഗസ്ഥൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2008 ജൂൺ 16-ന് സർക്കാർ സർക്കുലർ ഇറക്കിയിരുന്നു. ഡോക്ടർക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥൻ നടപടിയെടുക്കുന്നതിന് മുൻപ് വിദഗ്ധാഭിപ്രായം തേടണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതേ സംരക്ഷണം നഴ്സുമാർക്കും ലഭിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.

രോഗീപരിചരണത്തിനായി രാവുംപകലും പ്രവർത്തിക്കുന്ന നഴ്‌സുമാരുടെ സേവനം അംഗീകരിക്കപ്പെടേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. ആതുരശുശ്രൂഷാ രംഗത്തെ നട്ടെല്ല് നഴ്സുമാരാണ്. ഡോക്ടറെക്കാൾ കൂടുതൽ രോഗികളോടൊപ്പം ചെലവഴിക്കുന്നത് അവരാണ്. അതിനാൽ അവരെ സംരക്ഷിക്കണം. ധാർമിക പിന്തുണ നൽകണമെന്നും കോടതി പറഞ്ഞു.

content highlights: High Court says do not arrest nurses without seeking expert advice

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us