പൂരം കലക്കൽ; മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വൈരുദ്ധ്യമില്ല, പുതിയ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല: കെ രാജൻ

മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വൈരുദ്ധ്യമില്ലെന്നും അദ്ദേഹം നേരത്തേ പറഞ്ഞതും ഇന്നലെ പറഞ്ഞതും ഒന്നുതന്നെയാണെന്നും മന്ത്രി വ്യക്തമാക്കി

dot image

തൃശൂർ: പൂരം കലക്കലിൽ സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഒരു പുതിയ അഭിപ്രായം പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വൈരുദ്ധ്യമില്ലെന്നും അദ്ദേഹം നേരത്തേ പറഞ്ഞതും ഇന്നലെ പറഞ്ഞതും ഒന്നുതന്നെയാണെന്നും മന്ത്രി വ്യക്തമാക്കി. വെടിക്കെട്ട് അൽപ്പം വൈകിയതിനാണോ തൃശൂർ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ റിപ്പോർട്ട് തന്‍റെ മുന്നിലേക്ക് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ മുന്നിലേക്കാണ് റിപ്പോർട്ട് വന്നിട്ടുള്ളത്. പ്രിൻസിപ്പൽ സെക്രട്ടറി പരിശോധിച്ച് നിർദ്ദേശങ്ങൾ കൂട്ടിച്ചേർത്ത് മന്ത്രിയുടെ മുന്നിലേക്ക് എത്തിക്കും.

റവന്യൂ വകുപ്പ് അന്വേഷിക്കുന്നത് ക്രൈം അല്ല. റവന്യൂ വകുപ്പിന് ക്രൈം അന്വേഷിക്കാൻ കഴിയില്ല. അന്വേഷണങ്ങൾ നടക്കുന്നതിനാൽ മറ്റേതെങ്കിലും തരത്തിലുള്ള അഭിപ്രായം പറയേണ്ടതില്ല. ഒരാളെയും പ്രത്യേകമായി സർക്കാർ സംരക്ഷിക്കില്ല. കൃത്യമായ അന്വേഷണമാണ് നടക്കുന്നത്. അന്വേഷണം ഇപ്പോൾ ശരിയായ ദിശയിലാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ അന്വേഷണ സംഘത്തിന് മുന്നിൽ പിപി ദിവ്യ ഹാജരാക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തോട് മന്ത്രി പ്രതികരിച്ചില്ല.

അന്വേഷണം വഴിതെറ്റിയതായി തോന്നുന്നില്ലെന്നും ഇപ്പോൾ വിവാദങ്ങളിലേക്ക് പോകുന്നില്ലെന്നും പറഞ്ഞ കെ രാജൻ സർക്കാർ ഏതെങ്കിലും വിധത്തിൽ ഒരാൾക്കും കവചമൊരുക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.
വയനാട്ടിൽ വേണ്ടത് സ്പെഷ്യൽ പാക്കേജാണ്. വയനാട് ദുരന്തത്തെ ഏത് വിഭാഗത്തിലാണ് പെടുത്തുന്നതെന്ന് പറയാൻപോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ലെന്നും മന്ത്രി ആരോപിച്ചു.

വെടിക്കെട്ട് അല്‍പ്പം വൈകിയതിനാണോ തൃശ്ശൂര്‍ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നതെന്നും കള്ളം പ്രചരിപ്പിക്കാന്‍ ലീഗിന് എന്താണ് സംഘപരിവാറിനേക്കാള്‍ ആവേശം എന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

content highlights: minister k rajan on thrissur pooram controversy

dot image
To advertise here,contact us
dot image