പാലക്കാട്: മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്റെ പ്രകാശനം ചെയ്ത പുസ്തകം സിപിഐഎമ്മിന്റെ തിരക്കഥയെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ഒരു സമുദായത്തേയും സമൂഹത്തേയും പുസ്തകത്തില്‍ ആക്ഷേപിക്കുന്നു. പി ആര്‍ ഏജന്‍സിയുടെ തിരക്കഥയാണ് സിപിഐഎമ്മിനെ നയിക്കുന്നതെന്നും പി കെ ഫിറോസ് പറഞ്ഞു.
പുസ്തകവും മുഖ്യമന്ത്രിയുടെ അഭിമുഖവും ഒത്തുകളിയാണ്. വര്‍ഗീയ ധ്രുവീകരണമാണ് സിപിഐഎം ലക്ഷ്യമിടുന്നത്. ന്യൂനപക്ഷത്തെ കോര്‍ണര്‍ ചെയ്യുകയാണെന്നും പി കെ ഫിറോസ് ആരോപിച്ചു. ഈ നാടകം കേരളത്തില്‍ വില പോകില്ല. ഇക്കാര്യം ഉപതിരഞ്ഞെടുപ്പോടെ സിപിഐഎമ്മിന് ബോധ്യമാകും എന്നും പി കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് പി ജയരാജന്റെ 'കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം പ്രകാശനം ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്. പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി തീവ്രവാദം വളര്‍ത്തിയയാളാണെന്ന് പുസ്തകത്തിലെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. അതിനിടെ മുസ്ലിം ലീഗിനെതിരെയും ജമാ അത്തെ ഇസ്ലാമിക്കെതിരെയും പുസ്തക പ്രകാശനത്തില്‍ മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ജമാഅത്തെ ഇസ്ലാമി ഖലീഫമാരുടെ കാലത്തേക്ക് കൊണ്ടു പോകണമെന്നാഗ്രഹിക്കുന്നവരാണെന്നും ഇസ്ലാമിക സാമ്രാജ്യ സ്ഥാപനമാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്നു പിണറായി വിജയന്‍ ആരോപിച്ചിരുന്നു.
മലപ്പുറത്ത് വലിയ പ്രചാരണം അഴിച്ചുവിട്ടത് ലീഗാണ്. ലീഗ് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും മലപ്പുറത്ത് കൂടുതല്‍ കേസുകള്‍ എടുക്കുന്നു എന്ന ലീഗ് പരാമര്‍ശം വ്യാജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലീഗാണ് മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്നതെന്നും എഫ്ഐആര്‍ കണക്കുകള്‍ നിരത്തി അദ്ദേഹം പറഞ്ഞിരുന്നു. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ കേസെന്ന് ഔദ്യോഗിക രേഖയിലില്ല. 40000ത്തില്‍ താഴെ കേസുകളാണ് മലപ്പുറത്തുള്ളത്. എങ്ങനെ അത് കൂടുതല്‍ കേസുകളാകും? ലീഗ് സമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. സര്‍ക്കാരല്ല ലീഗാണ് മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Content Highlights: P Jayarajan Book Is CPIM Script Alleges Youth League Leader P K Firos