കൊച്ചി: തൃശ്ശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ എല്‍ഡിഎഫില്‍ അഭിപ്രായ ഭിന്നതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ത്രിതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പൂരം കലങ്ങിയിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന് എന്താണ് പ്രസക്തിയെന്നും വി ഡി സതീശന്‍ ചോദിച്ചു.
പൂരം കലങ്ങിയിട്ടില്ലെന്ന് സിപിഐ പറയട്ടെ. പൂരം കലക്കിയെന്നാണ് കെ രാജന്‍ നിയമസഭയില്‍ പറഞ്ഞത്. ബാലചന്ദ്രന്‍ എംഎല്‍എയും ഇക്കാര്യം സഭയില്‍ പറഞ്ഞു. സുരേഷ് ഗോപി ആംബുലന്‍സില്‍ നാടകീയമായാണ് സംഭവസ്ഥലത്തെത്തിയത്. സുരേഷ് ഗോപിയെ രക്ഷകവേഷം കെട്ടിച്ചത് ആരാണ്? വെടിക്കെട്ട് മാത്രമല്ല വൈകിയത്. മടത്തില്‍ വരവും കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പും തെക്കേ ഗോപുരത്തിലേക്കുള്ള ഇറക്കവും അലങ്കോലമായി. ആചാര സംരക്ഷകന്‍ എന്ന് പറയുന്ന ബിജെപിയും പൂരം കലക്കി. ഇതിലെല്ലാം അന്വേഷണം നടത്തിയാല്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയായിരിക്കുമെന്നും പൂരം കലക്കാനുള്ള ബ്ലൂപ്രിന്റാണ് എം ആര്‍ അജിത് കുമാര്‍ തയ്യാറാക്കിയതെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഒരു അന്വേഷണവും ശരിയാവില്ല. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
സിപിഐഎമ്മിനെ ജീര്‍ണ്ണത ബാധിച്ചു. കോണ്‍ഗ്രസില്‍ ഒരു അനൈക്യവുമില്ല. പി പി ദിവ്യയുമായി ബന്ധപ്പെട്ട വിവാദം, പൂരം കലക്കല്‍, വര്‍ഗീയ സംഘടനകളുടെ കാര്യത്തില്‍, കൂറുമാറ്റത്തിന് കോഴ വിവാദം എന്നിവയിലടക്കം സിപിഐഎമ്മും ഘടകക്ഷികളും പല തട്ടിലാണ്. സിപിഐഎമ്മിന് ബാധിച്ച ജീര്‍ണ്ണത എല്‍ഡിഎഫിന്റെ ശിഥിലീകരണത്തില്‍ അവസാനിക്കുമെന്നും വി ഡി സതീശന്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
തിരഞ്ഞെടുപ്പില്‍ എല്ലാ പാര്‍ട്ടികളും നിരവധി പേരുകള്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി പരിഗണിക്കും. ബിജെപിയിലും കോണ്‍ഗ്രസിലും സീറ്റ് ചോദിച്ച് ഒടുക്കം സിപിഐഎമ്മില്‍ എത്തിയയാള്‍ക്കാണ് അവര്‍ സീറ്റ് കൊടുത്തത്. എല്ലാ പാര്‍ട്ടികളുടെയും ജില്ലാ കമ്മിറ്റികള്‍ പേര് നിര്‍ദേശിക്കും. അതൊക്കെ സ്വാഭാവിക പ്രക്രിയ ആണെന്നും വി ഡി സതീശന്‍ പറഞ്ഞു.
Content Highlights: VD Satheesan says there is difference in the LDF over the Thrissur Pooram Controversy