തൃശൂർ പൂരം അലങ്കോലപ്പെട്ടെന്നത് സംഘപരിവാർ വാദം, കലങ്ങിയെന്ന് സ്ഥാപിക്കാൻ യുഡിഎഫ്; വിശദീകരണവുമായി മുഖ്യമന്ത്രി

പൂരം അലങ്കോലപ്പെട്ടില്ല, ശ്രമമുണ്ടായെന്നും പ്രതിപക്ഷം സംഘപരിവാറിന്റെ ബി ടീമായി കളിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്

dot image

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അലങ്കോലപ്പെടുത്താന്‍ ശ്രമം ഉണ്ടായെങ്കിലും അലങ്കോലപ്പെട്ടെന്നത് സംഘപരിവാര്‍ വാദമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പ്രതിപക്ഷം ഇതിന് കൂട്ടു നില്‍ക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രതിപക്ഷത്തിനെ കടന്നാക്രമിക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയിരിക്കുന്നത്.

പൂരം കലങ്ങി എന്ന് സ്ഥാപിക്കാന്‍ യുഡിഎഫിന് താല്‍പര്യമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രതിപക്ഷം സംഘപരിവാറിന്റെ ബി ടീം ആയി കളിക്കുന്നു. പൂരാഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും പരിശോധിക്കപ്പെടുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഉദ്യോഗതലത്തില്‍ വീഴ്ചയുണ്ടെങ്കില്‍ നടപടി ഉണ്ടാകും. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടും. പ്രതിപക്ഷത്തിന്റേത് പൂരം കലങ്ങി എന്ന് സ്ഥാപിച്ച് നേട്ടം കൊയ്യാനുള്ള ശ്രമമാണെന്നും പ്രതിപക്ഷത്തിനും ബിജെപിക്കും ഒരേ ലക്ഷ്യമാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം പി ജയരാജന്റെ പുസ്തക പ്രകാശന വേളയില്‍ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വെടിക്കെട്ട് അല്‍പം വൈകിയതിനാണോ തൃശൂര്‍ പൂരം കലക്കി എന്ന് പ്രചരിപ്പിച്ചതെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. 'പൂരം കലക്കിയെന്നാണ് സംഘപരിവാറും ലീഗും ആക്ഷേപിക്കുന്നത്. പൂരം കലങ്ങിയോ? ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പ്പം വൈകിയെന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കല്‍. കള്ളപ്രചാരണം നടത്താന്‍ ലീഗിന് എന്തിനാണ് സംഘപരിവാറിനേക്കാള്‍ ആവേശം?', എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.


മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പ്

ജനസഹസ്രങ്ങള്‍ പങ്കാളികളായ തൃശൂര്‍ പൂരം പാടെ കലങ്ങിപ്പോയി എന്ന മട്ടിലുള്ള അതിശയോക്തിപരമായ പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. ഇത്തവണത്തെ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉണ്ടായി എന്നത് വസ്തുതയാണ്. പൂരത്തോട് അനുബന്ധിച്ചുള്ള ചെറുപൂരങ്ങളും എഴുന്നള്ളിപ്പുകളും ഇലഞ്ഞിത്തറമേളം, കുടമാറ്റം തുടങ്ങിയ മറ്റെല്ലാ പ്രധാനപ്പെട്ട ചടങ്ങുകളും കൃത്യമായി നടക്കുകയുണ്ടായി. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടുകൂടിയുള്ള എഴുന്നള്ളിപ്പുകള്‍ അവസാനിക്കുന്നതോടുകൂടിയാണ് വെടിക്കെട്ട് ആരംഭിക്കേണ്ടത്.

വെടിക്കെട്ടിന്റെ മുന്നോടിയായി തൃശ്ശൂര്‍ റൗണ്ടില്‍ നിന്നും (സ്റ്റെറയില്‍ സോണ്‍) ജനങ്ങളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് തടസ്സവാദങ്ങള്‍ ഉന്നയിക്കപ്പെട്ടത്. വെടിക്കെട്ട് നടത്തുമ്പോഴുണ്ടാകേണ്ട നിയമാനുസൃതമായ സുരക്ഷാ ക്രമീകരണങ്ങളോട് ചില എതിര്‍പ്പുകളും അതിന്റെ ഭാഗമായി ദീപാലങ്കാരങ്ങള്‍ ഓഫ് ചെയ്യുന്നതുള്‍പ്പെടെയുള്ള ചില നടപടികളും ഉണ്ടായിട്ടുണ്ട്. പുലര്‍ച്ചെ മൂന്നുമണിയോടുകൂടി നടക്കേണ്ട വെടിക്കെട്ട് രാവിലെയാണ് നടന്നത്. പിറ്റേന്ന് നടക്കേണ്ട സമാപന വെടിക്കെട്ടും വൈകി.

ചില ആചാരങ്ങള്‍ ദേവസ്വങ്ങള്‍ ആ സമയത്ത് ചുരുക്കി നടത്തുകയാണ് ഉണ്ടായത്. സംഭവിച്ചതിന്റെയെല്ലാം കാരണങ്ങള്‍ അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കവേ, പൂരം ആകെ അട്ടിമറിക്കപ്പെട്ടു എന്ന് സ്ഥാപിക്കാനുള്ള വ്യഗ്രത എന്തിനാണ് പ്രതിപക്ഷത്തിന് ഉണ്ടാവുന്നത്? പൂരം അലങ്കോലപ്പെട്ടു എന്നല്ല, അലങ്കോലപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായി എന്ന ഒരേ നിലപാടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എല്ലാ സമയത്തും സ്വീകരിച്ചിട്ടുള്ളത്. അന്വേഷണം സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിലും നിയമസഭയിലും ഇത് വ്യക്തമാക്കിയതാണ്.

പൂരവും അതുപോലുള്ള ഉത്സവങ്ങളും വര്‍ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള താല്‍പര്യം സംഘപരിവാറിന്റേതാണ്. അത്തരം കുത്സിത നീക്കങ്ങള്‍ രാഷ്ട്രീയമായി തുറന്നു കാട്ടാനും തടയാനുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനു പകരം സംഘപരിവാറിന്റെ അതേ ലക്ഷ്യത്തോടെ പൂരം കലങ്ങി എന്ന് സ്ഥാപിച്ച് നേട്ടം കൊയ്യാനുള്ള കുടില നീക്കമാണ് പ്രതിപക്ഷം നടത്തുന്നത്. അവ തുറന്നുകാട്ടുമ്പോള്‍ അസഹിഷ്ണുതയോടെ പൂരം കലങ്ങി എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് സംഘപരിവാറിന്റെ ബി ടീമായി കളിക്കുന്നത് കൊണ്ടാണ്. പൂരം കലക്കണം എന്നത് സംഘപരിവാറിന്റെ താല്‍പര്യം ആയിരുന്നു. കലങ്ങി എന്ന് സ്ഥാപിക്കാനുള്ളത് യുഡിഎഫിന്റെ താല്പര്യമായി മാറിയിരിക്കുന്നു. ഇതിന് രണ്ടിനോടും ഒപ്പം അല്ല പൂര പ്രേമികളും ജനങ്ങളാകെയും.

ഉദ്യോഗസ്ഥതലത്തില്‍ ആരെങ്കിലും കുറ്റം ചെയ്യുകയോ അനാസ്ഥ കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും അര്‍ഹമായ ശിക്ഷ നല്‍കുകയും ചെയ്യും എന്നതാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട്. പൂരാഘോഷവുമായി ബന്ധപ്പെട്ട എല്ലാ ഇടപെടലുകളും പരിശോധിക്കപ്പെടും. വരും വര്‍ഷങ്ങളില്‍ കുറ്റമറ്റരീതിയില്‍ പൂരം നടത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാരിന്റേത്.

Content Highlights: Chief Minister Pinarayi Vijayan s office about thrissur pooram

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us