തൃശൂര്‍: പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രി തൃശൂര്‍ പൂരം കണ്ടിട്ടുണ്ടോയെന്നും വെടിക്കെട്ടിന്റെ പ്രത്യേകത അറിയുമോയെന്നും അദ്ദേഹം ചോദിച്ചു. തൃശൂര്‍ പൂരത്തിന്റെ ആചാരത്തിന് ഭംഗം നേരിട്ടെന്നും ഭംഗം നേരിടുകയെന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിനോടായിരുന്നു കെ മുരളീധരന്റെ പ്രതികരണം.
'പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് മണിക്ക് നടത്തേണ്ട വെടിക്കെട്ട് ഏഴ് മണിക്ക് നടത്തിയിട്ട് കാര്യമുണ്ടോ? അദ്ദേഹം തൃശൂര്‍ പൂരം കണ്ടിട്ടുണ്ടോ. തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടിന്റെ പ്രത്യേകത അദ്ദേഹത്തിന് അറിയുമോ? തിരുവനമ്പാടിയുടെ മഠത്തില്‍ വരവ് പന്തലില്‍ കയറുന്ന സമയത്തല്ലേ കുഴപ്പമുണ്ടായത്. അതിന് മുമ്പ് കുത്തുവിളക്ക് പിടിച്ചവരെ തല്ലി. ആനയ്ക്ക് പട്ട കൊടുക്കുന്നവരെ തല്ലി. പിന്നെ പൂരം നിര്‍ത്തിവെക്കാതെ എന്ത് ചെയ്യും. പൂരത്തിന്റെ ആചാരത്തിന് ഭംഗം നേരിട്ടു. ആചാരത്തിന് ഭംഗം നേരിടുകയെന്നത് കുറ്റകരം തന്നെയാണ്', മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് സിപിഐയെ പോലും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൂരം സംബന്ധിച്ച എല്ലാ കാര്യങ്ങളും നേരത്തെ ചര്‍ച്ച ചെയ്യപ്പെട്ടതല്ലേയെന്നും ആ സമയത്ത് മാത്രമെന്താണ് പ്രത്യേകതരം ആക്ഷന്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും മുരളീധരന്‍ ചോദിച്ചു. പൂരം കലക്കിയത് ബിജെപിയെ ജയിപ്പിക്കാനുള്ള രാഷ്ട്രീയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
'ഇതില്‍ മുഖ്യമന്ത്രി പറഞ്ഞ ഒരു കാര്യം ശരിയാണ്. പൂരം കലക്കിയത് രാഷ്ട്രീയം തന്നെയാണ്. ബിജെപിയെ ജയിപ്പിക്കാനുള്ള പിണറായി വിജയന്റെ രാഷ്ട്രീയം തന്നെയാണ് പൂരം കലങ്ങാന്‍ കാരണം. ഈ സത്യം പുറത്ത് വരുമെന്ന് ഭയപ്പെട്ടിട്ടാണ് മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന് തുടക്കം മുതല്‍ പറയാന്‍ കാരണം. അദ്ദേഹം മാത്രമേ സംഘപരിവാര്‍ അജണ്ടയില്‍ കേരള നിയമസഭയിലേക്ക് കടന്നുവന്നിട്ടുള്ളു. ഞങ്ങള്‍ ആരും സംഘപരിവാര്‍ സഹായത്തോടെ തിരഞ്ഞെടുപ്പ് വിജയിച്ചവരല്ല. ഞാന്‍ മത്സരിച്ച ഒരു തിരഞ്ഞെടുപ്പിലും സംഘപരിവാര്‍ പിന്തുണച്ചിട്ടില്ല. അതുകൊണ്ട് ഇക്കാര്യം ഞങ്ങളെ മുഖ്യമന്ത്രി പഠിപ്പിക്കേണ്ട. അതിന് ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല', മുരളീധരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ആര്‍എസ്എസിന്റെ എ ടീമാണെന്നും വീഴുന്ന സ്ഥലത്ത് കിടന്ന് ഉരുളുകയാണെന്നും കെ മുരളീധരന്‍ പരിഹസിച്ചു.
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടിട്ടില്ലെന്നായിരുന്നു ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലും ആര്‍ത്തിച്ചത്. അലങ്കോലപ്പെടുത്താന്‍ ശ്രമം ഉണ്ടായെങ്കിലും അലങ്കോലപ്പെട്ടെന്നത് സംഘപരിവാര്‍ വാദമെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറയുന്നു. പ്രതിപക്ഷം ഇതിന് കൂട്ടു നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനെ കടന്നാക്രമിക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയത്.
Content Highlights: K Muraleedharan on CM Pinarayi Vijayan s statement on Thrissur Pooram