പാലക്കാട്: പാലക്കാട് ഡിസിസിയുടെ കത്ത് ചോർന്നത് അന്വേഷിക്കാൻ കെപിസിസി നേതൃത്വം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നിർണായക ഘട്ടത്തിൽ കത്ത് പുറത്തുവിട്ടത് ആരാണെന്ന് കണ്ടെത്താനാണ് ശ്രമം.
കത്ത് വിവാദം കൂടുതൽ ചർച്ചയാക്കേണ്ടെന്നും ഡിസിസി നേതൃത്വത്തിന് കെപിസിസി നിർദേശം നൽകി. കത്ത് എൽഡിഎഫും എൻഡിഎയും ആയുധമാക്കിയതോടെ യുഡിഎഫ് പൂർണമായും പ്രതിരോധത്തിലാണ്. കത്ത് പുറത്തുവന്നത് പാർട്ടി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പത്തിന് വഴിയൊരുക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കെ മുരളീധരനെ സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിസിസി കോൺഗ്രസ് ഹൈക്കമാൻ്റിന് കൈമാറിയ കത്തിൻ്റെ പകർപ്പ് റിപ്പോർട്ടറാണ് പുറത്തുവിട്ടത്.
വിവാദ കത്തിൽ കൂടുതൽ നേതാക്കൾ ഒപ്പുവെച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞിരുന്നു. കെ മുരളീധരനെ സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ട കത്തിൽ വി കെ ശ്രീകണ്ഠൻ എംപിയും ഒപ്പുവെച്ചിരുന്നു. മുൻ എംപി വി എസ് വിജയരാഘവൻ, കെ എ തുളസി, സി വി ബാലചന്ദ്രൻ എന്നിവരും ഒപ്പുവെച്ചവരിലുണ്ട്.
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ എംപി കെ മുരളീധരനെയാണ് പാലക്കാട് ഡിസിസി നിര്‍ദേശിച്ചിരുന്നത്. പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫിന്റെ വിജയം ഉറപ്പാക്കാന്‍ കെ മുരളീധരനാണ് മറ്റാരേക്കാളും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെന്നാണ് കത്തിലുള്ളത്. ഒക്ടോബര്‍ പത്തിനാണ് കത്ത് അയച്ചിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ക്കാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ കത്തയച്ചിരിക്കുന്നത്.
Content Highlights: KPCC to investigate letter leak