കൊല്ലം: കോയമ്പത്തൂരില്‍ സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയായ ശ്രുതിയുടെ ഭര്‍തൃമാതാവ് സെമ്പകവല്ലി മരിച്ചു. ശ്രുതിയുടെ മരണത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച സെമ്പകവല്ലി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ശ്രുതിയുടെ അവസാന ശബ്ദസന്ദേശം സെമ്പകവല്ലിക്കെതിരെയായിരുന്നു.
സ്ത്രീധന പീഡനം മൂലമാണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന തരത്തിലായിരുന്നു ശ്രുതിയുടെ ശബ്ദസംഭാഷണം . ശ്രുതിയുടെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സെമ്പകവല്ലി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു ശ്രുതിയുടെ വിവാഹം. തമിഴ്നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കാണ് ശ്രുതിയുടെ ഭര്‍ത്താവ്. ഭര്‍ത്താവിന്റെ ശുചീന്ദ്രത്തെ വീട്ടിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്ത് ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും വിവാഹസമയത്ത് സമ്മാനമായി നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് നിരന്തരം സെമ്പകവല്ലി വഴക്കുണ്ടാക്കുമായിരുന്നുവെന്ന് ശ്രുതി പറയുന്ന സംഭാഷണമാണ് പുറത്തുവന്നത്.
മരിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് സംഭാഷണത്തില്‍ ശ്രുതി പറയുന്നത്. എച്ചില്‍പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ കാര്‍ത്തികിന്റെ അമ്മ നിര്‍ബന്ധിച്ചു. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞു പീഡിപ്പിച്ചു. മടങ്ങിപ്പോയി വീട്ടുകാര്‍ക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും ശ്രുതി പറയുന്നുണ്ട്. ശ്രുതിയുടെ കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: Mother in law died Incident of death of Malayali teacher due to dowry abuse