'വയനാട്ടിലെത്തിയതും എനിക്കൊരു അമ്മയെ കിട്ടി, ഈ നാട് ധൈര്യശാലികളുടേത്'; ആവേശമായി പ്രിയങ്ക വയനാട്ടിൽ

മുൻപ് വന്നപ്പോളുണ്ടായ ഹൃദ്യമായ അനുഭവങ്ങൾ പങ്കുവെച്ചാണ് പ്രിയങ്ക തന്റെ പ്രസംഗം തുടങ്ങിയത്

dot image

വയനാട്: ഉപതിരഞ്ഞെടുപ്പ് കാഹളം വാനോളമുയർത്തി പ്രിയങ്ക ഗാന്ധി വായനാട്ടിലെത്തി. നിരവധി പേരാണ് പ്രിയങ്കയെ ഒരു നോക്ക് കാണാനും പ്രിയങ്കയുടെ പ്രസംഗം കേൾക്കുവാനും കാത്തുനിന്നത്. മുൻപ് വന്നപ്പോളുണ്ടായ ഹൃദ്യമായ അനുഭവങ്ങൾ പങ്കുവെച്ചാണ് പ്രിയങ്ക തന്റെ പ്രസംഗം തുടങ്ങിയത്. വയനാടുകാരുടെ സ്നേഹത്തോട് താൻ എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിക്കാൻ വന്ന സമയത്ത് കണ്ട ത്രേസ്യാമ്മയെക്കുറിച്ചും വാചാലയായി.

വയനാട്ടിലെത്തിയതേ തനിക്കൊരു അമ്മയെ കിട്ടിയെന്നും അവരുടെ ആലിംഗനത്തിൽ സ്നേഹവും ആത്മാർഥതയും നിറഞ്ഞിരുന്നുവെന്നും പറഞ്ഞ പ്രിയങ്ക ഇത് ഈ മണ്ണിന്റെ മാതൃസ്നേഹമാണ് എന്നും പറഞ്ഞു.

വയനാട്ടിലെ ജനങ്ങൾ ധൈര്യശാലികളാണ് എന്നും പ്രിയങ്ക പറഞ്ഞു. ചൂരൽമലയിൽ ദുരന്തത്തിന് ശേഷം എത്തിയപ്പോൾ ഈ ജനങ്ങളുടെ പരസ്പര സ്നേഹവും പരിഗണനയും താൻ നേരിട്ടറിഞ്ഞു. ബ്രിട്ടീഷുകാർക്കെതിരെ നിരന്തരം പോരാടിയ ചരിത്രമുള്ളവരാണ് ഈ നാട്ടുകാരെന്നും ഏറെ സമ്പന്നമായ ചരിത്രം കൂടി ഈ നാടിന് അവകാശപ്പെടാനുണ്ട് എന്നും പ്രിയങ്ക അഭിമാനത്തോടെ കൂട്ടിച്ചേർത്തു.

വയനാടിന്റെ ഊഷ്മളതയെക്കുറിച്ച് ആദ്യം വാചാലയായ പ്രിയങ്ക പിന്നീട് ശക്തമായ രാഷ്ട്രീയം പറയുന്നതാണ് കണ്ടത്. രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധികളെക്കുറിച്ച് പറഞ്ഞുതുടങ്ങിയ പ്രിയങ്ക ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് നിരന്തരം ആക്രമണം നടക്കുന്നുവെന്നും ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും പറഞ്ഞു. കേന്ദ്രസർക്കാർ നയം ബിസിനസുകാരെ സഹായിക്കുന്നതെന്നും, കർഷർക്ക് സർക്കാർ നൽകുന്നത് വാഗ്ദാനം മാത്രമെന്നും അവർ വിമർശിച്ചു.

പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിയെ പരാമർശിക്കാനും പ്രിയങ്ക മറന്നില്ല. ഇന്ന് നടക്കുന്നത് വലിയ പോരാട്ടമെന്ന് പറഞ്ഞ പ്രിയങ്ക ആ പോരാട്ടം നയിക്കുന്നത് തന്റെ സഹോദരനാണെന്നും ജനാധിപത്യത്തിനും സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണതെന്നും പറഞ്ഞു. നിങ്ങൾ ഓരോരുത്തരും ആ പോരാട്ടത്തിൽ പോരാളികളെന്ന് ജനങ്ങളോട് പറഞ്ഞ പ്രിയങ്ക തിരഞ്ഞെടുക്കപ്പെട്ടാൽ ജനങ്ങള്‍ക്കൊപ്പം താനുണ്ടാകും എന്ന് ഉറപ്പും നൽകി.

Content Highlights: priyanka gandhi at wayanad poll rally

dot image
To advertise here,contact us
dot image