'സ്‌നേഹിച്ചതിന്റെ പേരിലല്ലേ കൊന്നത്, അവര്‍ പുറത്തിറങ്ങാന്‍ പാടില്ല': പൊട്ടിക്കരഞ്ഞ് അനീഷിന്റെ കുടുംബം

'ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഈ ശിക്ഷ കൊടുത്തതില്‍ തൃപ്തിയില്ല'

dot image

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിലെ കോടതി വിധിയില്‍ തൃപ്തയല്ലെന്ന് അനീഷിന്റെ ഭാര്യ ഹരിതയും മാതാപിതാക്കളും. ഇപ്പോള്‍ കുറച്ച് സമാധാനം ഉണ്ട്. എന്നാല്‍ വിധിയില്‍ തൃപ്തരല്ല. മേല്‍കോടതിയില്‍ അപ്പീല്‍ പോകുമെന്നും കുടുംബം പ്രതികരിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

'സമാധാനമുണ്ട്. വിധിയില്‍ തൃപ്തിയില്ല. ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഈ ശിക്ഷ കൊടുത്തതില്‍ തൃപ്തിയില്ല. വധശിക്ഷ നല്‍കണം. വധശിക്ഷയോ ഇരട്ട ജീവപര്യന്തമോ വേണമായിരുന്നു. അപ്പീല്‍ പോകും', ഹരിത പ്രതികരിച്ചു. തന്നെ പല തവണ കുടുംബം ഭീഷണിപ്പെടുത്തി. കൊല്ലും എന്ന് പറഞ്ഞാണ് ഭീഷണി. തന്റെ കുടുംബവുമായി ബന്ധമുള്ളയാളുകളാണ് ഭീഷണിപ്പെടുത്തിയതെന്നും ഹരിത പറഞ്ഞു. വൈകാരികമായായിരുന്നു ഹരിതയുടെ പ്രതികരണം. പ്രതികള്‍ പുറത്തിറങ്ങാന്‍ പാടില്ല. പുറത്തിറങ്ങിയാല്‍ തന്നെയും കൊല്ലുമെന്നും ഹരിത പ്രതികരിച്ചു.

ഈ ക്രൂരതയ്ക്ക് ഈ വിധി പോരെന്ന് അനീഷിന്റെ പിതാവും പ്രതികരിച്ചു. മകനെ കൊന്നവര്‍ക്ക് വധശിക്ഷ വിധിക്കണം എന്നാണ് അനീഷിന്റെ പിതാവ് പ്രതികരിച്ചത്. വലിയ ശിക്ഷയാണ് അവര്‍ക്ക് കൊടുക്കേണ്ടത്. സ്‌നേഹിച്ചതിന്റെ പേരിലല്ലേ തന്റെ മകനെ കൊന്നത്. ഈ ശിക്ഷയില്‍ തൃപ്തരല്ല ഞങ്ങള്‍. വേറെ തെറ്റൊന്നും അവന്‍ ചെയ്തിട്ടില്ലെന്ന് അനീഷിന്റെ മാതാവും പ്രതികരിച്ചു.

ഇരട്ട ജീവപര്യന്തം പ്രതീക്ഷിച്ചിരുന്നുവെന്ന് അനീഷിൻറെ സഹോദരൻ പ്രതികരിച്ചു. വിധിയിൽ അപ്പീല്‍ കൊടുക്കും. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളുകളാണ് പ്രതികൾ. അനീഷിന്റെ കൊലപാതകത്തിന് മുമ്പ് പ്രതികള്‍ എസ്‌സി വിഭാഗത്തില്‍പെട്ട മറ്റൊരാള തല്ലിയിരുന്നു. പ്രതികളുടെ മുഖത്ത് യാതൊരു ഭാവമാറ്റവുമില്ല. ചിരിച്ചിരിക്കുകയാണ്. തങ്ങൾക്ക് ഭീഷണിയുണ്ട്. പ്രോസിക്യൂഷന് വീഴ്ച്ചയുണ്ടായിട്ടുണ്ടാവാം. 59 സാക്ഷികളെ വിസ്തരിച്ചിട്ടും വധശിക്ഷ വിധിച്ചില്ലല്ലോയെന്നും സഹോദരൻ ചോദിച്ചു.

പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഒന്നാം പ്രതി സുരേഷ് കുമാര്‍, രണ്ടാം പ്രതി പ്രഭുകുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ. അരലക്ഷം രൂപ പിഴയും ചുമത്തി. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ പിതാവ് പ്രഭുകുമാറും അമ്മാവന്‍ സുരേഷ് കുമാറും ചേർന്നാണ് കൊലപ്പെടുത്തിയത്.

സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ച് വിവാഹം ചെയ്തതിനാണ് വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും അനീഷിനെ കുത്തിക്കൊലപ്പെടുത്തിയത്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം സുരേഷാണ് ഒന്നാംപ്രതി. ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ ആണ് രണ്ടാം പ്രതി.

ഡിസംബര്‍ 25-ന് വൈകുന്നേരം പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം നിരവധി തവണ പ്രതികള്‍ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്നു അനീഷ്. സ്‌കൂള്‍ പഠനകാലം മുതല്‍ അനീഷും ഹരിതയും പ്രണയത്തിലായിരുന്നു.

Content Highlights: Thenkurissi Honor Killing Not satisfied with the verdicts said Aneesh Family and haritha

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us