സർക്കാർ പരിപാടികളിൽ വിളിക്കുന്നില്ല; അവഗണനയിൽ ക്ഷണിക്കാത്ത വേദിയിലെത്തി പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ

പ്രോട്ടോകോള്‍ പ്രകാരം അധ്യക്ഷനാകേണ്ട പരിപാടികളില്‍ പോലും മുഖ്യാതിഥിയായാണ് ക്ഷണിക്കാറുള്ളതെന്നും ഇത് അവകാശ ലംഘനമാണെന്നും ചാണ്ടി ഉമ്മന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു

dot image

കോട്ടയം: സര്‍ക്കാര്‍ പരിപാടികളില്‍ തന്നെ ക്ഷണിക്കുന്നില്ലെന്ന ആരോപണവുമായി പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. സര്‍ക്കാര്‍ പരിപാടികളില്‍ ക്ഷണിക്കാത്തതിലെ പ്രതിഷേധം പരിപാടികളില്‍ പങ്കെടുത്തു കൊണ്ട് തന്നെ എംഎല്‍എ പ്രകടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മണര്‍കാട് ഉപജില്ലാ കലോത്സവ ഉദ്ഘാടനത്തിലും ഭിന്നശേഷി കലോത്സവത്തിന്റെ സമാപനത്തിലും ക്ഷണിക്കാത്തതിന്റെ പ്രതിഷേധമാണ് ചാണ്ടി ഉമ്മന്‍ വേദിയിലെത്തി പ്രകടമാക്കിയത്.

ഇക്കാര്യം മണ്ഡലത്തിലെ പരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മന്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ വിഷയം ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് സ്പീക്കര്‍ എ എന്‍ ഷംസീറിന് ചാണ്ടി ഉമ്മന്‍ പരാതി നല്‍കിയിരുന്നു. പ്രോട്ടോകോള്‍ പ്രകാരം അധ്യക്ഷനാകേണ്ട പരിപാടികളില്‍ പോലും മുഖ്യാതിഥിയായാണ് ക്ഷണിക്കാറുള്ളതെന്നും ഇത് അവകാശ ലംഘനമാണെന്നുമായിരുന്നു ചാണ്ടി ഉമ്മന്‍ നല്‍കിയ കത്തില്‍ സൂചിപ്പിച്ചത്.

എന്നാല്‍ ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കലോത്സവത്തില്‍ ക്ഷണിക്കാതെ തന്നെ പ്രതിഷേധ സൂചകമായി ചാണ്ടി ഉമ്മന്‍ പങ്കെടുത്തത്. വേദിയിലെത്താന്‍ സംഘാടകര്‍ നിര്‍ബന്ധിച്ചെങ്കിലും സദസില്‍ തന്നെ എംഎല്‍എ ഇരിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് എംഎല്‍എ മണ്ഡലത്തിലില്ല എന്ന് അറിഞ്ഞതിനാലാണ് ക്ഷണിക്കാത്തതെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ തന്നെയാരും വിളിച്ചിട്ടില്ലെന്നും മനപൂര്‍വം ക്ഷണിക്കാതിരുന്നതാണെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി. എംഎല്‍എയായത് മുതല്‍ സര്‍ക്കാര്‍ പരിപാടികളില്‍ അവഗണന തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: Chandy Oommen says he has not invited on Government programmes

dot image
To advertise here,contact us
dot image