തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ കസ്റ്റഡിയിലെടുത്ത നടപടി സന്തോഷകരമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ദിവ്യയെ കസ്റ്റഡിയിലെടുത്തു എന്ന് പറയുന്നത് തന്നെ പ്രതീക്ഷിക്കാത്ത കാര്യമാണ്. ദിവ്യ കഴിയുന്നത് പൊലീസ് സംരക്ഷണത്തിലാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. പി പി ദിവ്യ എല്ലാ പ്രവർത്തനങ്ങൾക്കും കമ്മീഷൻ പറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പി പി ദിവ്യയെ കസ്റ്റഡിയിൽ എടുത്തു എന്ന് പറയുന്നത് തന്നെ പ്രതീക്ഷിക്കാത്ത കാര്യമാണ്.. നടപടി സന്തോഷകരമാണ്. പൊലീസിന്റെ സംരക്ഷണത്തിലാണ് ദിവ്യ കഴിയുന്നതെന്ന് നേരത്തെ പറഞ്ഞതാണ്. ദിവ്യ എല്ലാ പ്രവർത്തനങ്ങൾക്കും കമ്മീഷണ കൈപ്പറ്റിയിട്ടുണ്ട്. കമ്മീഷൻ നഷ്ടമായതിന്റെ നിരാശയാണ് യാത്രയയപ്പ് യോഗത്തിൽ ദിവ്യ പ്രകടിപ്പിച്ചത്', കെ സുധാകരൻ പറഞ്ഞു.
മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് ഒളിവിലായിരുന്ന പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച ശേഷം പി പി ദിവ്യയെ വൈദ്യപരിശോധനയ്ക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിച്ചിരിക്കുകയാണ്. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന ഗേറ്റിലൂടെയാണ് പി പി ദിവ്യയെ പൊലീസ് ആശുപത്രിയിലെത്തിച്ചത്. ക്യാമറകളിൽ നിന്ന് ഒളിപ്പിച്ചാണ് പൊലീസ് ദിവ്യയെ ആശുപത്രിയിലെത്തിച്ചത്. കണ്ണപുരത്ത് നിന്നാണ് ദിവ്യയെ പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങാൻ പോകുന്നതിനിടെയാണ് ദിവ്യ പൊലീസിന്റെ പിടിയിലായത്. ദിവ്യയെ പൊലീസ് വാഹനത്തിൽ കണ്ണൂരിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു.
അതേസമയം കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കണ്ണൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി പകർപ്പും പുറത്തുവന്നിട്ടുണ്ട്. പി പി ദിവ്യ ഉയർത്തിയ എല്ലാ വാദങ്ങളെയും തള്ളിയായിരുന്നു പ്രിൻസിപ്പൾ സെഷൻസ് കോടതിയുടെ വിധിന്യായം പുറത്തുവരുന്നത്. വിധിയിൽ ആത്മഹത്യ പ്രേരണക്കുറ്റം പി പി ദിവ്യക്കെതിരെ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. മുൻകൂർ ജാമ്യത്തിന് പി പി ദിവ്യ അർഹയല്ലെന്നും ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളതിനാൽ മുൻകൂർ ജാമ്യം അനുവദിച്ചാൽ ഇവർ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. പി പി ദിവ്യ കളക്ടറേറ്റിൽ വെച്ച് നടത്തിയ പെരുമാറ്റം അപക്വമായിരുന്നുവെന്നും ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും വിധിയിൽ പറയുന്നു.
കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ആരോപണമുന്നയിക്കരുതെന്ന് പി പി ദിവ്യയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ നൽകിയ മൊഴിയും വിധിപ്പകർപ്പിലുണ്ട്. രാവിലെ പങ്കെടുത്ത പരിപാടിക്കിടെ ദിവ്യ കളക്ടറോട് പെട്രോൾ പമ്പിൻ്റെ വിഷയം സംസാരിച്ചിരുന്നു. പരാതി എഴുതി നൽകാൻ പി പി ദിവ്യയോട് കളക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ തെളിവില്ലെന്നായിരുന്നു പിപി ദിവ്യയുടെ മറുപടി. വേണ്ടത്ര തെളിവില്ലാതെ ആരോപണം ഉന്നയിക്കരുതെന്ന് കളക്ടർ ഉപദേശിച്ചു. ദിവ്യ പരിപാടിക്ക് എത്തില്ലെന്നായിരുന്നു കരുതിയതെന്നും കളക്ടറുടെ മൊഴിയിലുണ്ട്.
Content Highlight: K Sudakaran says PP Divya used to accept commissions for every project