നീലേശ്വരം: നീലേശ്വരത്ത് ക്ഷേത്രത്തില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടം ക്ഷണിച്ചുവരുത്തിയതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍. ഇത്തരമൊരു സാഹചര്യം ഉണ്ടാക്കരുതായിരുന്നു. ക്ഷണിച്ചുവരുത്തിയ അപകടമാണിത്. അത്യന്തം അശ്രദ്ധയാണ് ഇതിന്റെ പിന്നില്‍. ആവശ്യമായ കാര്യങ്ങള്‍ ക്ഷേത്ര ഭാരവാഹികള്‍ ചെയ്യണമെന്നും എം വി ബാലകൃഷ്ണന്‍ പ്രതികരിച്ചു.
'പടക്കം കൈകാര്യം ചെയ്തത് ആരാണെന്നതില്‍ ഗൗരവമായ പരിശോധന നടത്തണം. മേലില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാത്ത സാഹചര്യം ഉണ്ടാവണം. വിശദമായ അന്വേഷണം ഉണ്ടാവണം. സര്‍ക്കാര്‍ അത്യന്തം ശ്രദ്ധയോടെ കൈകാര്യം ചെയ്യും. അതിനാവശ്യമായ നടപടി സ്വീകരിക്കും. വെടിക്കെട്ട് ഉപയോഗിക്കുമ്പോള്‍ ചില നിബന്ധനകള്‍ ഉണ്ട്. അത് നടത്തിപ്പുകാര്‍ പാലിച്ചില്ല. അവര്‍ക്ക് അശ്രദ്ധയുണ്ടായി', എം വി ബാലകൃഷ്ണന്‍ പറഞ്ഞു.
വെടിക്കെട്ട് നടത്തുന്നതിനായി അനുമതിയുണ്ടായിരുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടറും പ്രതികരിച്ചിരുന്നു. വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നില്ല. സംഘാടകരെ കസ്റ്റഡില്‍ എടുത്തിട്ടുണ്ട്. അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നുമാണ് ജില്ലാ കളക്ടര്‍ പ്രതികരിച്ചത്. സംഭവത്തില്‍ ജില്ലാഭരണകൂടം പ്രാഥമികമായ അന്വേഷണം ആരംഭിച്ചെന്നും കളക്ടര്‍ വ്യക്തമാക്കി. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലാണ്.
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തിലാണ് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടം ഉണ്ടായത്. സംഭവത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 97 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപൊരി വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്ര മതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.
Content Highlights: Neeleswaram Fire Crackers accident CPIM Leader MV Balakrishnan Reaction