നൂറ് പ്രാവശ്യം പറഞ്ഞിരുന്നു അവിടുന്ന് പൊട്ടിക്കരുതെന്ന്, കേട്ടില്ല: പരിക്കേറ്റ പെണ്‍കുട്ടി

ക്ഷേത്ര മതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.

dot image

നീലേശ്വരം: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി പ്രദേശവാസികളും പരിക്കേറ്റവരും. വെടിമരുന്നുകള്‍ സൂക്ഷിച്ചതിന്റെ തൊട്ടടുത്ത് നിന്നാണ് വെടിക്കെട്ടിന് തീകൊടുത്തതെന്ന് പ്രദേശവാസികള്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചു. ഏകദേശം അഞ്ച് മീറ്റര്‍ വ്യത്യാസം മാത്രമാണ് രണ്ട് സ്ഥലങ്ങളും തമ്മിലുണ്ടായിരുന്നതെന്നാണ് വിവരം. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്. തെയ്യം കാണാന്‍ ആളുകള്‍ കൂടിനില്‍ക്കുന്നതിനാല്‍ അവിടെ നിന്നും വെടിക്കെട്ടിന് തീകൊടുക്കരുതെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അതൊന്നും കേട്ടില്ലെന്നും പ്രദേശവാസികളിലൊരാള്‍ പറഞ്ഞു.

'അവരോട് നൂറ് പ്രാവശ്യം പറഞ്ഞിരുന്നു അവിടുന്ന് പൊട്ടിക്കരുതെന്ന്. പ്രായം ആയവരടക്കം അവിടെ കസേരയിട്ട് ഇരിക്കുന്നുണ്ടായിരുന്നു. കുറേതവണ പറഞ്ഞിരുന്നു പൊട്ടിക്കരുതെന്ന്. അവര്‍ കേട്ടില്ല. മുറിയില്‍ നിന്നും എടുത്ത് കൊണ്ടുപോയാണ് അവിടെ നിന്നും പൊട്ടിക്കുന്നത്.
അവിടെ നിന്നാല്‍ നന്നായി തെയ്യം കാണാന്‍ കഴിയുമല്ലോയെന്ന് കരുതിയാണ് അവിടെ നിന്നത്. പടിഞ്ഞാറ് ഭാഗത്തെ കാവില്‍ നിന്നാണ് സാധാരണ പൊട്ടിക്കാറുള്ളത്', പരിക്കേറ്റ പെണ്‍കുട്ടി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

നീലേശ്വരത്ത് അപകടം ഉണ്ടായ ക്ഷേത്രത്തിലെ വെടിക്കെട്ട് സജ്ജീകരിച്ച സ്ഥലം
വെടിക്കെട്ട് സജ്ജീകരിച്ച സ്ഥലം

ഇവിടെയാണ് വെടി മരുന്ന് സൂക്ഷിക്കുന്നതെന്ന് തങ്ങള്‍ പോലും ഇപ്പോഴാണ് അറിയുന്നതെന്നും ആരുടേയും ശ്രദ്ധയില്‍ ഉണ്ടായിരുന്നില്ലെന്നും മറ്റൊരു പ്രദേശവാസി പ്രതികരിച്ചു. വലിയപടക്കങ്ങള്‍ ആയിരുന്നില്ല. ഓലപടക്കങ്ങള്‍ ഉള്‍പ്പെടെയാണ് സൂക്ഷിച്ചിരുന്നത്. പക്ഷെ ഇത്രയടുത്താണ് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നതെന്ന് അറിയില്ലായിരുന്നുവെന്നാണ് പ്രതികരണം.

നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തിലാണ് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് അപകടം ഉണ്ടായത്. സംഭവത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 97 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപൊരി വീഴുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്ര മതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.

നീലേശ്വരത്ത് ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ നിന്ന്
നീലേശ്വരത്ത് ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ നിന്ന്

വെടിക്കെട്ട് നടത്തുന്നതിനായി അനുമതിയുണ്ടായിരുന്നില്ലെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ പ്രതികരിച്ചു. വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നില്ല. സംഘാടകരെ കസ്റ്റഡില്‍ എടുത്തിട്ടുണ്ട്. അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നുമാണ് ജില്ലാ കളക്ടര്‍ പ്രതികരിച്ചത്. സംഭവത്തില്‍ ജില്ലാഭരണകൂടം പ്രാഥമികമായ അന്വേഷണം ആരംഭിച്ചെന്നും കളക്ടര്‍ വ്യക്തമാക്കി. അലക്ഷ്യമായി പടക്കം കൈകാര്യം ചെയ്തതില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലാണ്.

dot image
To advertise here,contact us
dot image