'സമസ്ത പാണക്കാട് കുടുംബത്തിന് നൽകുന്ന ആദരവിന് സമസ്തയോളം പഴക്കം'; മറുപടിയുമായി മുഈൻ അലി തങ്ങൾ

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഈൻ അലി വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്

dot image

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വിമർശനമുന്നയിച്ച സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന് പരോക്ഷ വിമർശനവുമായി പാണക്കാട് മുഈൻ അലി ശിഹാബ് തങ്ങൾ. പാണക്കാട് കുടുംബത്തിന് സമസ്ത നൽകുന്ന ആദരവിനും സ്വീകാര്യതയ്ക്കും സമസ്തയോളം തന്നെ പഴക്കമുണ്ടെന്നും അഹ്‌ലുസുന്നത്തിന്റെ നിലനിൽപ്പിന് ഈ ചേർത്ത് നിൽക്കലും ചേർന്ന് നിൽക്കലും അനിവാര്യവുമാണ് എന്നുമായിരുന്നു മുഈൻ അലി ശിഹാബ് തങ്ങളുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഈൻ അലി വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാളി സ്ഥാനം സാദിഖലി തങ്ങൾ ഏറ്റെടുത്തത്തിലായിരുന്നു ഉമർ ഫൈസി മുക്കം വിമർശനം ഉന്നയിച്ചിരുന്നത്. മുസ്ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാർ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യമെന്നും ഉമർ ഫെെസി മുക്കം പറഞ്ഞിരുന്നു. കിതാബ് നോക്കി വായിക്കാൻ പറ്റുന്നവരാവണം ഖാളി ആവേണ്ടത്. ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യം. വിവരമില്ലെങ്കിലും ഖാളി ആവണം എന്നാണ് നിലപാട്. ഖാളി ആക്കാൻ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിര് വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളിൽ പരിഹാരമായില്ലെങ്കിൽ ജനങ്ങളോട് ‌ തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളിൽ വിവരം ഇല്ലാത്തവർ അധികം ആവുമ്പോൾ അവരിൽ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞു.

സാദിഖലി തങ്ങൾ രൂപീകരിച്ച ഖാളി ഫൗണ്ടേഷനെതിരെയും ഉമർ ഫൈസി രംഗത്തെത്തിയിരുന്നു. സിഐസി(കോഡിനേഷൻ ഓഫ് ഇസ്‌ലാമിക്‌ കോളേജസ്) വിഷയത്തിൽ സമസ്തയെ വെല്ലുവിളിച്ച് വേറെ സംഘടനകൾ ഉണ്ടാക്കുന്നുവെന്നും കരുതിയിരിക്കുന്നത് നല്ലതാണെന്നും ഉമർ ഫൈസി മുക്കം ഓ‍ർമപ്പെടുത്തി. ഖാളി ഫൗണ്ടേഷന്റെ അർത്ഥം എന്താണെന്ന് ചോദിച്ച അദ്ദേഹം സഹകരിച്ച് പോകുന്നതാണ് എല്ലാവർക്കും നല്ലതെന്നും കൂട്ടിച്ചേ‍ർത്തു.

എന്നാൽ ഉമർ മുക്കം ഫൈസിയുടെ നിലപാടിൽ വിമർശനം മുന്നയിച്ച് സമസ്ത നേതാക്കൾ തന്നെ രംഗത്തെത്തി. ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസ്താവന സമൂഹത്തില്‍ അനൈക്യമുണ്ടാക്കുന്നുവെന്നും ജനറല്‍ സെക്രട്ടറിയെ മറികടന്ന് ജോയിന്റ് സെക്രട്ടറി പ്രവര്‍ത്തിക്കുന്നുവെന്നുമായിരുന്നു എസ്‌വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിന്റെ പ്രതികരണം. ഐക്യത്തിന് കത്തി വെക്കുന്നതാണ് ഉമര്‍ ഫൈസി മുക്കത്തിന്റെ നിലപാടെന്നും ഒരു ജനസദസ്സില്‍ പാണക്കാട് തങ്ങളെ അവഹേളിച്ചത് ശരിയായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമര്‍ ഫൈസിക്ക് തിരുത്തേണ്ടി വരുമെന്നും നാട്ടില്‍ സ്വീകാര്യതയുള്ളവരെ ചെറുതായി കാണിക്കാന്‍ ശ്രമിച്ചാല്‍ അങ്ങനെ ശ്രമിക്കുന്നവര്‍ ചെറുതാവുമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ വിമര്‍ശിച്ചു. വേദികളില്‍ നിന്ന് വേദികളിലെത്തുമ്പോള്‍ സ്‌നേഹപൂക്കള്‍ കിട്ടാറുണ്ടെന്നും ഇടവേളകളില്‍ മുള്ളുമായും ചിലര്‍ വരുമെന്നും അതൊന്നും പക്ഷെ ഉള്ളില്‍ കൊള്ളാറില്ലെന്നുമായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം.

Content Highlights: Mueen Ali Thangal responds to umar mukkam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us