കണ്ണൂർ: കോടതി മുന്‍കൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പി പി ദിവ്യയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. കണ്ണപുരത്ത് നിന്നാണ് ദിവ്യയെ പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെയാണ് ദിവ്യ പൊലീസിന്റെ പിടിയിലായത്. ദിവ്യയെ പൊലീസ് വാഹനത്തില്‍ കണ്ണൂരിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ റിപ്പോർട്ടറിന് ലഭിച്ചു.
പി പി ദിവ്യയെ ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ നടപടികള്‍ക്ക് ശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ദിവ്യയെ ചോദ്യം ചെയ്ത് നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'കോടതി വിധി ഇന്ന് വന്നു. 38 പേജിന്റെ വിധിയാണ് വന്നത്. വിഷയം കോടതി പരിഗണനയിലായിരുന്നു. കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിരസിച്ചു. തുടര്‍ന്ന് നമ്മുടെ ടീമിനെ അയച്ച് കസ്റ്റഡിയിലെടുത്തു. പി പി ദിവ്യക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കിയിരുന്നു. ചോദ്യം ചെയ്യാനുള്ള നോട്ടീസും അയച്ചിരുന്നു. പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ദിവ്യ. നടപടികള്‍ പൂര്‍ത്തിയായാല്‍ മറ്റ് കാര്യങ്ങള്‍ അറിയിക്കാം', എന്നാണ് പൊലീസ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ വൈകിയോ എന്ന ചോദ്യത്തിന് കമ്മീഷണര്‍ മറുപടി നല്‍കിയത്.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായിരുന്നു ദിവ്യയുടെ മുന്‍കൂർ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ഒറ്റവാക്കിലായിരുന്നു കോടതി ഉത്തരവ്. ആത്മഹത്യാപ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Content Highlights: PP Divya In Police Custody