ഉമര്‍ ഫൈസിക്കെതിരെ നടപടി ആവശ്യപ്പെട്ട് സമസ്തയിലെ ഒരുവിഭാഗം; സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ അതൃപ്തി

സമസ്തയുടെ മഹല്ല് കോര്‍ഡിനേഷന്റെ നേതൃത്വത്തില്‍ എടവണ്ണപ്പാറയില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കും.

dot image

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനത്തില്‍ സമസ്തയില്‍ അതൃപ്തി പുകയുന്നു. ഉമര്‍ഫൈസിക്കെതിരെ നടപടി വേണമെന്ന് സമസ്തയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. സമസ്ത നേതൃത്വം വിഷയത്തില്‍ പ്രതികരിക്കാത്തതിലും അതൃപ്തിയുണ്ട്.

സമസ്തയുടെ മഹല്ല് കോര്‍ഡിനേഷന്റെ നേതൃത്വത്തില്‍ എടവണ്ണപ്പാറയില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കും. സാദിഖലി തങ്ങള്‍ ഖാളിയായ മഹല്ലുകളുടെ നേതൃത്വത്തില്‍ സമസ്തയ്ക്ക് പരാതി നല്‍കാനും ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം എടവണ്ണപ്പാറയിലെ യോഗത്തില്‍ വെച്ചായിരുന്നു ഉമര്‍ ഫൈസി മുക്കം സാദിഖലി തങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്.

മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാളി സ്ഥാനം സാദിഖലി തങ്ങള്‍ ഏറ്റെടുത്തത്തിലായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ വിമര്‍ശനം. മുസ്ലിം മഹല്ലുകള്‍ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാര്‍ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞിരുന്നു. കിതാബ് നോക്കി വായിക്കാന്‍ പറ്റുന്നവരാവണം ഖാളി ആവേണ്ടത്. ചില രാഷ്ട്രീയക്കാര്‍ക്കാണ് ഇതില്‍ താത്പര്യം. വിവരമില്ലെങ്കിലും ഖാളി ആവണം എന്നാണ് നിലപാട്. ഖാളി ആക്കാന്‍ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിര് വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളില്‍ പരിഹാരമായില്ലെങ്കില്‍ ജനങ്ങളോട് തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളില്‍ വിവരം ഇല്ലാത്തവര്‍ അധികം ആവുമ്പോള്‍ അവരില്‍ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Umar Faizy Mukkam criticism of Sadiq Ali Shihab Thangal make Displeasure in Samastha

dot image
To advertise here,contact us
dot image