കസ്റ്റഡിയിലെടുത്തതല്ല, കീഴടങ്ങിയത്; പി പി ദിവ്യ പാർട്ടി ഗ്രാമത്തിൽ സംരക്ഷണത്തിലായിരുന്നെന്ന് വി ഡി സതീശൻ

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കോക്കസിന്റെ നിര്‍ദേശ പ്രകാരം സിപിഐഎം ആണ് പി പി ദിവ്യയെ ഒളിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു

dot image

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തുവെന്നത് തെറ്റായ വാദമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പി പി ദിവ്യ കീഴടങ്ങിയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദിവ്യ പാര്‍ട്ടി ഗ്രാമത്തില്‍ സംരക്ഷണത്തിലായിരുന്നുവെന്നും പ്രതിപക്ഷം പറഞ്ഞത് മുഴുവന്‍ ശരിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസിന്റെ നിര്‍ദേശ പ്രകാരം സിപിഐഎം ആണ് അവരെ ഒളിപ്പിച്ചത്. അവരെ രക്ഷപ്പെടുത്താനുള്ള മുഴുവന്‍ ശ്രമവും നടത്തി. നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തി ഒരു ആദര്‍ശത്തിന്റെ പരിപ്രേഷ്യം കൂടി ഈ പ്രതിക്ക് കൊടുക്കാന്‍ പാര്‍ട്ടി ശ്രമിച്ചു. എന്നാല്‍ ദയനീയമായി പരാജയപ്പെട്ടു', സതീശന്‍ പറഞ്ഞു.

അഴിമതിക്കാരനെന്ന് അദ്ദേഹത്തെ താറടിക്കാനുള്ള ശ്രമം വ്യജ ഒപ്പിലൂടെയാണ് നടത്തിയതെന്ന് മാധ്യമങ്ങള്‍ തെളിയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പരാതി തയ്യാറാക്കിയത് എകെജി സെന്ററാണെന്നും ആസൂത്രണം ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിന്റെ മുന്നില്‍ തന്നെ പി പി ദിവ്യയുണ്ടായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

'സിപിഐഎം ഭരണം ദുര്‍ഭരണമാണെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്. ഒന്നാം പിണറായി സര്‍ക്കാര്‍ ശിവശങ്കറിന്റെ നിയന്ത്രണത്തിലാണെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഈ ഉപജാപക സംഘത്തിന്റെ നിയന്ത്രണത്തിലാണ്. വിഐപി പ്രതിയല്ലേ, അവരുടെ മുഖം കവര്‍ ചെയ്യാനുള്ള കവര്‍ കൂടി നല്‍കാമായിരുന്നു. അത്ര സംരക്ഷണത്തോട് കൂടിയാണ് പൊലീസ് ദിവ്യയെ കൊണ്ടു പോയത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടും ജനങ്ങള്‍ നോക്കികാണുന്നത് കൊണ്ടുള്ള ഭയം കൊണ്ട് കൂടിയാണ് നടപടിയെടുത്തത്', സതീശന്‍ പറഞ്ഞു.

പയ്യന്നൂര്‍ ആശുപത്രിയില്‍ ദിവ്യ ചികിത്സ തേടിപ്പോയത് പൊലീസ് അറിഞ്ഞില്ലേയെന്നും അദ്ദേഹം പരിഹസിച്ചു. കോടതിയിലാണ് അവസാന പ്രതീക്ഷ. പാര്‍ട്ടിക്കാരായ ആളുകള്‍ പ്രതികളായി വന്നാല്‍ സര്‍ക്കാര്‍ നടപടിയെടുക്കില്ലെന്നും സ്വന്തക്കാരെ സംരക്ഷിക്കുന്നെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

Content Highlights: V D Satheesan responds on P P Divya custody

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us