'ദിവ്യക്കെതിരെ പാർട്ടി നടപടി ഉണ്ടാകണം'; കീഴ്ഘടകത്തിലേക്ക് തരം താഴ്ത്തണമെന്ന് മലയാലപ്പുഴ മോഹനൻ

'വേദിയിലും അധികാരസ്ഥാനത്തുമിരുന്നുകൊണ്ട്‌ ഇങ്ങനെ ചെയ്യുമ്പോൾ അത് പാർട്ടിയെ ദുരുപയോഗം ചെയ്തതുതന്നെയാണ്'

dot image

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ രൂക്ഷമായ വിമർശനവുമായി സിപിഐഎം നേതാവ് മലയാലപ്പുഴ മോഹനൻ. പിപി ദിവ്യക്കെതിരെ പാർട്ടി തന്നെ നടപടിയെടുക്കണമെന്നും ഇക്കാര്യം പാർട്ടി ഗൗരവമായി ആലോചിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മലയാലപ്പുഴ മോഹനൻ റിപ്പോർട്ടറിനോട് പറഞ്ഞു.

ദിവ്യക്കെതിരെ പാർട്ടി കർശന നടപടിയെടുക്കുമെന്നാണ് തന്റെ അഭിപ്രായമെന്നും മലയാലപ്പുഴ മോഹനൻ പറഞ്ഞു. വേദിയിലും അധികാരസ്ഥാനത്തുമിരുന്നുകൊണ്ട്‌ ഇങ്ങനെ ചെയ്യുമ്പോൾ അത് പാർട്ടിയെ ദുരുപയോഗം ചെയ്തതുതന്നെയാണ്. ഇത് പാർട്ടിക്കും ആളുകൾക്കും ഒരിക്കലും ഗുണംചെയ്യില്ല. ഈ രാഷ്ട്രീയബോധം എല്ലാവർക്കും വേണം. പാർട്ടിയെ വെല്ലുവിളിച്ച് നിലപാട് സ്വീകരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും ദിവ്യയെ കീഴ്ഘടകത്തിലേക്ക് തരം താഴ്ത്തണമെന്നും മോഹനൻ പറഞ്ഞു.

നവീൻ ബാബുവിൻ്റെ കുടുംബത്തിന് നിയമപരമായ നീതി കിട്ടുന്നുണ്ടെന്നും എന്നാൽ മറ്റ് കാര്യങ്ങളിൽ താൻ തൃപ്തനല്ല എന്നും മലയാലപ്പുഴ മോഹനൻ പറഞ്ഞു. പി പി ദിവ്യക്കെതിരെ പാർട്ടി നടപടി വന്നാലും കൺട്രോൾ കമ്മീഷൻ അംഗീകരിക്കണം. പരമോന്നത സഭ കൺട്രോൺ കമ്മീഷനാണ്. എന്നാൽ ഇപ്പോൾ സംഘടനാ നടപടി കൺട്രോൾ കമ്മീഷൻ അംഗീകരിക്കില്ല. സംഘടനാ ചട്ടക്കൂടിൽ നിൽക്കുന്നത് കൊണ്ടാണ് തനിക്ക് പോലും പാർട്ടിയിൽ തുടരാൻ കഴിയുന്നത്. കണ്ണൂരായാലും പത്തനംതിട്ട ആയാലും, വലിയ നേതാവായാലും ചെറിയ നേതാവായാലും രാഷ്ട്രീയ ബോധം വേണമെന്നും മലയാലപ്പുഴ മോഹനൻ അതിരൂക്ഷമായി വിമർശിച്ചു.

അതേസമയം, റിമാന്‍ഡില്‍ കഴിയുന്ന പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും. എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിന് പിന്നാലെയാണ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ.

ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കപ്പെട്ടാല്‍ പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടിയേക്കും. പൊലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും ലഭ്യമായ ശേഷമാണ് ജാമ്യാപേക്ഷയില്‍ കോടതി വാദം കേൾക്കുക. പിപി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബം കക്ഷിചേർന്നേക്കും. പി.പി ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേരുക.

Content Highlights: CPIM leaders want action against PP Divya

dot image
To advertise here,contact us
dot image