മലപ്പുറം: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ ഉമർ ഫൈസി മുക്കത്തിന്റെ വിമർശനത്തിൽ തങ്ങൾക്ക് പിന്തുണയുമായി പൊതുയോഗം. കേരള സുന്നി ആദർശ വേദിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാളെ ഉച്ചയ്ക്ക് കോഴിക്കോടാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. പാണക്കാട് കുടുംബത്തെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയാണ് യോഗത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സുന്നി ആദർശ വേദി പറഞ്ഞു. നേരത്തെ തന്നെ സമസ്തയിൽ നിന്നും മറ്റും തന്നെ ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു. മഹല്ലുകളുടെ നിയന്ത്രണമുള്ള ഖാളി സ്ഥാനം സാദിഖലി തങ്ങൾ ഏറ്റെടുത്തത്തിലായിരുന്നു ഉമർ ഫൈസി മുക്കം വിമർശനം ഉന്നയിച്ചത്.
മുസ്ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാർ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യമെന്നും ഉമർ ഫെെസി മുക്കം പറഞ്ഞിരുന്നു. കിതാബ് നോക്കി വായിക്കാൻ പറ്റുന്നവരാവണം ഖാളി ആവേണ്ടത്. ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യം. വിവരമില്ലെങ്കിലും ഖാളി ആവണം എന്നാണ് നിലപാട്. ഖാളി ആക്കാൻ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിര് വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളിൽ പരിഹാരമായില്ലെങ്കിൽ ജനങ്ങളോട് തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളിൽ വിവരം ഇല്ലാത്തവർ അധികം ആവുമ്പോൾ അവരിൽ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞു.
സാദിഖലി തങ്ങൾ രൂപീകരിച്ച ഖാളി ഫൗണ്ടേഷനെതിരെയും ഉമർ ഫൈസി രംഗത്തെത്തിയിരുന്നു. സിഐസി(കോഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളേജസ്) വിഷയത്തിൽ സമസ്തയെ വെല്ലുവിളിച്ച് വേറെ സംഘടനകൾ ഉണ്ടാക്കുന്നുവെന്നും കരുതിയിരിക്കുന്നത് നല്ലതാണെന്നും ഉമർ ഫൈസി മുക്കം ഓർമപ്പെടുത്തി. ഖാളി ഫൗണ്ടേഷന്റെ അർത്ഥം എന്താണെന്ന് ചോദിച്ച അദ്ദേഹം സഹകരിച്ച് പോകുന്നതാണ് എല്ലാവർക്കും നല്ലതെന്നും കൂട്ടിച്ചേർത്തു.
Content Highlights: Criticism of Umar Faizy Mukkam against Sadiqali thangal; Sunni adarsha vedi to defend