രാമന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചു;തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപി സുഹൃത്ത് വഴി പെന്‍ഷന്‍ വാഗ്ദാനം ചെയ്‌തെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു

dot image

തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

എഐവൈഎഫ് നേതാവ് എ എസ് ബിനോയ് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് നടപടി. ജസ്റ്റിസ് കൈസര്‍ എടപ്പകത്ത് അധ്യക്ഷനായ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. വോട്ടെടുപ്പ് ദിനത്തില്‍ മതചിഹ്നം ഉപയോഗിച്ച് ബിജെപി, എന്‍ഡിഎ നേതാക്കള്‍ വോട്ടര്‍മാരെ സ്വാധീനിച്ചു, ശ്രീരാമന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി അഭ്യര്‍ത്ഥിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.

ഇതൊക്കെ നടന്നത് സുരേഷ് ഗോപിയുടെ അറിവോടെയാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപി സുഹൃത്ത് വഴി പെന്‍ഷന്‍ വാഗ്ദാനം ചെയ്‌തെന്നും വോട്ടറുടെ മകള്‍ക്ക് ഫോണ്‍ നല്‍കിയെന്നും സൂചിപ്പിക്കുന്നു. ഈ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളും അദ്ദേഹം ഹാജരാക്കിയിട്ടുണ്ട്. ഇത് ജനപ്രാതിനിത്യ നിയമത്തിന് വിരുദ്ധമാണെന്നും എഐവൈഎഫ് നേതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഇന്നാണ് ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നത്. പ്രാഥമിക വാദമോ സുരേഷ് ഗോപിയുടെ മറുപടിയോ കോടതി കേട്ടിട്ടില്ല.

Content Highlights: High Court notice to Suresh Gopi

dot image
To advertise here,contact us
dot image