'പോസ്റ്റര്‍ ഇങ്ങനെ ഒട്ടിച്ചാല്‍ പോര, ഗൗരവത്തോടെ കാണണം'; ചേലക്കരയിലെ നേതാക്കളോട് സതീശന്‍, വിജയിക്കണമെന്ന് കെ സി

ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളില്‍ പ്രവര്‍ത്തകരെ വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും

dot image

തൃശൂര്‍: ചേലക്കര ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളില്‍ പ്രവര്‍ത്തകരെ വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. കോണ്‍ഗ്രസിന്റെ പതിവ് രീതിയിലുള്ള സ്‌ക്വാഡ് വര്‍ക്കുകൊണ്ട് കാര്യമില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ചേലക്കരയില്‍ വിജയിച്ചാല്‍ മാത്രമായിരിക്കും യുഡിഎഫ് രാഷ്ട്രീയ വിജയം നേടി എന്ന് പറയാന്‍ സാധിക്കൂ എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. പോസ്റ്ററുകള്‍ ഒട്ടിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചായിരുന്നു വി ഡി സതീശന്റെ വിമര്‍ശനം.

പിണറായി സര്‍ക്കാരിനെതിരായ ജനവിധി ആകണമെങ്കില്‍ ചേലക്കര ജയിക്കണം. വയനാടും പാലക്കാടും വിജയം ആവര്‍ത്തിച്ചത് കൊണ്ട് രാഷ്ട്രീയ വിജയമാകില്ലെന്നും കെ സി പറഞ്ഞു. സ്‌ക്വാഡ് വര്‍ക്കില്‍ കോണ്‍ഗ്രസിന്റെ പതിവ് രീതികൊണ്ട് ഒരു കാര്യവുമില്ല. കൃത്യമായി രാഷ്ട്രീയം പറഞ്ഞ് സ്‌ക്വാഡ് വര്‍ക്ക് നടത്തണം. ബിജെപിയുടെയും സിപിഐഎമ്മിന്റെയും സ്‌ക്വാഡില്‍ കൃത്യമായി രാഷ്ട്രീയം പറയുന്നുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

വിജയിച്ചാലും ചെറിയ കാലയളവല്ലേ ഉള്ളൂ എന്ന പ്രചാരണം വലിയ തോതില്‍ നടക്കുന്നുണ്ട്. ഇത് വോട്ടിങ് ശതമാനം കുറക്കാനുള്ള തന്ത്രമാണ്. ചേലക്കരയില്‍ യുഡിഎഫ്-എല്‍ഡിഎഫ് പോരാട്ടമാണ് നടക്കുന്നതെന്ന് ആവര്‍ത്തിച്ച് പറയണം.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സ്ട്രാറ്റജിയുമായി ഉപതിരഞ്ഞെടുപ്പിന് ഇറങ്ങരുതെന്നും കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ട് കൃത്യമായി പോള്‍ ചെയ്യപ്പെട്ടില്ലെന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. ആലത്തൂരില്‍ ചേര്‍ന്ന യുഡിഎഫ് അവലോകന യോഗത്തിലായിരുന്നു കെ സി വേണുഗോപാലിന്റെ നിരീക്ഷണം.

ചേലക്കരയില്‍ യുഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനിടെയായിരുന്നു വി ഡി സതീശന്റെ വിമര്‍ശനം. യുഡിഎഫിനായി പോസ്റ്ററുകള്‍ ഒട്ടിക്കുന്നതില്‍ പ്രവര്‍ത്തകര്‍ വീഴ്ചവരുത്തിയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. രണ്ട് ലക്ഷം കൈപ്പത്തി ചിഹ്നം മാത്രമാണ് ഇതുവരെ അച്ചടിച്ചത്. ഇതാണെങ്കില്‍ പൂര്‍ണമായും ഒട്ടിച്ചിട്ടുമില്ല. ഈ പോസ്റ്ററുകള്‍ ഇപ്പോഴും പല ഓഫീസുകളിലും വീടുകളിലുമായി ഇരിക്കുകയാണ്. ആവശ്യപ്പെട്ട മുഴുവന്‍ പ്രചാരണ സാധനങ്ങളും ചേലക്കരയില്‍ എത്തിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു. ചേലക്കരയിലെ യുഡിഎഫ് അവലോകന യോഗത്തിലായിരുന്നു സതീശന്‍ പ്രവര്‍ത്തകര്‍ക്കെതിരെ ആഞ്ഞടിച്ചത്.

Content Highlights- k c venugopal and v d satheesan slam congress workers on by election works

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us